അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ തകഴി ഭാഗത്തു പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി നാളെ ആരംഭിക്കും. പൈപ്പ് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയുടെ അടിയിൽ കൂടി പോകുന്നതിനാൽ പി.ഡബ്ല്യു.ഡിയുടെ അനുമതി വേണം റോഡ് പൊളിക്കാൻ.

പൈപ്പിന്റെ അറ്റകുറ്റപ്പണികൾക്കാവശ്യമായ സാമഗ്രികൾ ഇന്നലെ ലഭ്യമാക്കി. നാളെ റോഡ് പൊളിച്ച് പണി ആരംഭിക്കുമെന്ന് അധികൃതർ പറയുന്നു. ഈ ഭാഗത്തെ പണികൾ തീർന്നാലും കന്നാമുക്ക് ഭാഗത്ത് ലീക്കുണ്ടാവുമെന്ന് പ്രദേശവാസി​കൾ പറയുന്നു. പമ്പിംഗ് ആരംഭിക്കുമ്പോൾ അവിടെയും പൊട്ടാൻ സാദ്ധ്യതയുണ്ട്. ഇതുവരെ കേളമംഗലം മുതൽ തകഴി ലെവൽ ക്രോസ് വരെയുള്ള ഭാഗത്ത് 58 തവണയാണ് പൈപ്പ് പൊട്ടിയത്. സ്ഥിരമായി പൊട്ടുന്ന ഒന്നര കി.മീറ്റർ ഭാഗത്തെ പൈപ്പുകൾ മാറ്റാനായി പുതിയ പൈപ്പുകൾ ഇറക്കിയെങ്കിലും കൊവിഡ് വ്യാപനംമൂലം നടപ്പായില്ല.