കായംകുളം: ലോക് ഡൗൺ അവസാനിക്കുന്നതിനാൽ കായംകുളത്ത് സർക്കാർ നിർദ്ദേശമനുസരിച്ചുള്ള ഭാഗീക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കൊവിഡ് മോണിട്ടറിംഗ് കമ്മിറ്റി തീരുമാനിച്ചു.
നഗരസഭാ പരിധിയിലെ നിലവിലെ ടി.പി.ആർ നിരക്ക് 8.15 ആണ്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളിൽ 50% ജീവനക്കാരെ അനുവദിക്കും. രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കാം. സ്ഥാപനങ്ങളിൽ റിബൺ കെട്ടി, സാനിറ്റൈസർ, തെർമ്മൽ സ്കാനർ, രജിസ്റ്റർ എന്നിവ വയ്ക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഒരു സമയം 5 പേരില്‍ കൂടുതൽ കടയിൽ പാടില്ല.
കടയുടമയും ജീവനക്കാരും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സൂക്ഷിക്കണം 15 ദിവസം കഴിഞ്ഞാൽ വീണ്ടും ആന്റിജൻ ടെസ്റ്റിന് വിധേയരാകണം. വ്യാപാര സ്ഥാപനങ്ങളിൽ നഗരസഭ ആരോഗ്യവിഭാഗം പൊലീസ്, സെക്ടറൽ മജിസ്ട്രേറ്റ് എന്നിവരുടെ പരിശോധന ഉണ്ടാകും. നിലവിൽ കൊവിഡ് ടെസ്റ്റ് ചെയ്യാത്ത സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സൗജന്യമായി താലൂക്കാശുപത്രിയിൽ ഈ സൗകര്യം ഒരുക്കിയിട്ടുണ്ടന്ന് നഗരസഭാ ചെയർപേഴ്സൺ പി. ശശികല പറഞ്ഞു.