ആലപ്പുഴ : മുതിർന്ന പൗരൻമാരുടെ സംരക്ഷണം സാമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അവർക്ക് ആരോഗ്യകരമായ ജീവിത സാഹചര്യമൊരുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുവാൻ യുവതലമുറക്ക് കഴിയുമെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു. മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്കെതിരെ ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബോധവത്ക്കരണ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു പി.പ്രസാദ്.

എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ദിനാചരണ സന്ദേശം നൽകി. കളക്ടർ എ.അലക്‌സാണ്ടർ മുഖ്യ പ്രഭാഷണം നടത്തി.

ദിനാചരണത്തിന്റെ ഭാഗമായി വൈകുന്നേരം ജില്ലയിലെ വയോജന മന്ദിരങ്ങളിലെ താമസക്കാരെ ഓൺലൈനായി പങ്കെടുപ്പിച്ച് സർഗസല്ലാപം എന്ന പരിപാടി സംഘടിപ്പിച്ചു. സിത്താര കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്ത സർഗ്ഗ സല്ലാപത്തിൽ അതിഥികളായി ഗാനരചയിതാവ് സുജേഷ് ഹരി, ഗായിക അനുഗ്രഹ സോണി, സാമൂഹ്യ സാംസ്‌ക്കാരിക പ്രവർത്തകൻ പ്രേം സായ് ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.