കായംകുളം : വീടിന്റെ രണ്ടാം നിലയുടെ മുകളിലുള്ള വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീണയാളെ രക്ഷപ്പെടുത്തി. വെട്ടത്തുകടവ് ബിജു ഭവനത്തിൽ ബിജു (46) വാണ് വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാവിലെ കുഴഞ്ഞുവീണത്. സ്റ്റേഷൻ ഓഫീസർ താഹയുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്ത് എത്തിയപ്പോൾ നാട്ടുകാർ ബിജുവിനെ വാട്ടർ ടാങ്ക് പൊളിച്ചു പുറത്തെടുത്തിരുന്നു. ബോധക്ഷയമുണ്ടായ ബിജുവിന് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം വലയിൽ കെട്ടി റോപ് ഉപയോഗിച്ച് താഴെ ഇറക്കി ആശുപത്രിയിലെത്തിച്ചു. സന്തോഷ് കുമാർ, ശ്രീകുമാർ, വിഷ്ണു, നജി മോൻ, സജിത്ത്, അൻവർ സാദത്ത്, ഹോംഗാർഡ് മാരായ ഗോപകുമാർ ജോതിഷ് കുമാർ എന്നിവർ ഫയർ ഫോഴ്സ് സംഘത്തിലുണ്ടായിരുന്നു.