ആലപ്പുഴ: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു ലഭിച്ചതോടെ പ്രവർത്തനം ആരംഭിച്ചെങ്കിലും, അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനവിനെത്തുടർന്ന് ഹോളോബ്രിക്‌സ്, ഇന്റർലോക്ക് കട്ട നിർമ്മാണ യൂണിറ്റുകൾ കടുത്ത പ്രതിസന്ധിയിൽ. മണൽ, സിമന്റ്, ക്വാറി ഉത്പന്നങ്ങൾ എന്നിവയ്‌ക്കെല്ലാം വില വർദ്ധിച്ചു. സ്വയം തൊഴിൽ സംരംഭകരാണ് നടത്തിപ്പുകാർ എന്നതിനാൽ ഗ്രാമീണ മേഖലകളിലാണ് ഹോളോബ്രിക്‌സ് നിർമ്മാണ യൂണിറ്റുകളിൽ കൂടുതലും പ്രവർത്തിക്കുന്നത്.
വിവിധ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടമെടുത്ത് തുടങ്ങിയ സംരംഭങ്ങൾ ഇപ്പോൾ നഷ്ടത്തിലാണ്. ലോക്ക് ഡൗണിൽ ക്വാറികൾ അടച്ചപ്പോൾ മെറ്റൽ, പാറപ്പൊടി തുടങ്ങിയവ കിട്ടാതെയായിരുന്നു. ഗതാഗത നിയന്ത്രണം വന്നതോടെ സിമന്റിന്റെ വരവും കുറഞ്ഞു. കുറഞ്ഞകൂലിക്ക് പണിയെടുത്തിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതും തിരിച്ചടിയായി.
യൂണിറ്റുകളിലേക്ക് ആവശ്യമായ പാറപ്പൊടിയും മെറ്റലും എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നുമാണ്. വേണ്ടത്ര ആവശ്യക്കാർ ഇല്ലാത്തതിനാൽ സിമന്റു കൊണ്ടു നിർമ്മിച്ച ജനൽ, കട്ടള, റിംഗുകൾ , ഫിഷ് ടാങ്കുകൾ തുടങ്ങിയവയുടെ നിർമ്മാണവും ഈ യൂണിറ്റുകളിൽ നിലച്ചു. 33 രൂപ നിർമ്മാണ ചിലവു വരുന്ന ഹോളോബ്രിക്‌സ് 30 രൂപയ്ക്കാണു ഇപ്പോൾ വിൽക്കുന്നത്. ഒരു കട്ടയ്ക്ക് മൂന്നര രൂപവരെയാണ് ഇപ്പോൾ അധിക ചിലവ്. വില കൂട്ടാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്ന് നിർമ്മാതാക്കൾ പറയുന്നു.
അസംസ്‌കൃത വില
ഒരു ക്യുബിക് അടി പാറപ്പൊടിക്ക് - ₹31
സിമന്റ് (ചാക്കൊന്നിന്) - ₹515
ഹോളോബ്രിക്സിന്റെ വില
4 ഇഞ്ച് കല്ല് - ₹30
6 ഇഞ്ച് കല്ല് - ₹40
8 ഇഞ്ച് കല്ല് - ₹51
'' ഉത്പന്നങ്ങളുടെ വിൽപന നടക്കാത്തതിനാൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് സംരംഭകർ . ലോക്ക് ഡൗണിൽ ജോലി നിലച്ചെങ്കിലും നാട്ടിലേക്ക് മങ്ങാതിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ചിലവ് സംരംഭകർ വഹിക്കണമായിരുന്നു.
(മുഹമ്മദ്,ഹോളോബ്രിക്‌സ് നിർമ്മാണ കമ്പനി ഉടമ,അമ്പലപ്പുഴ )