kuttanad

വീട് ഇരുനിലയാക്കുന്ന നവീന പദ്ധതി സർക്കാരിന്റെ പരിഗണനയിൽ

ആലപ്പുഴ: തുട‌ർച്ചയായ പ്രളയവും വെള്ളപ്പൊക്കവും മൂലം കുട്ടനാട് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയതോടെ, കൈനകരി വികസന സമിതി തയ്യാറാക്കി സമർപ്പിച്ച നൂതന ഭവന പദ്ധതിയെപ്പറ്റി വില്ലേജ് ഓഫീസർ മുഖാന്തരം സർക്കാർ നടത്തിയ പഠനത്തിൽ പ്രതീക്ഷയർപ്പിച്ച് കുട്ടനാട്ടുകാർ. നിലവിലെ വീട് പൊളിക്കാതെ, വെള്ളം കയറാത്തവിധം മുകളിൽ നിലയൊരുക്കി താമസസൗകര്യം സജ്ജമാക്കുന്നതാണ് പദ്ധതി. ഇത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകരിച്ചാൽ, പാവപ്പെട്ടവർക്കും സാമ്പത്തിക ബാദ്ധ്യതയില്ലാതെ വീട് നവീകരിക്കാനാവും.

കുട്ടനാടിന്റെ ഭൂപ്രകൃതിക്ക് യോജിക്കുന്ന നിർമ്മാണ വ്യവസ്ഥയാണെന്ന, വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്. വീട് നിലനിറുത്തിക്കൊണ്ടുതന്നെ 468 ചതുരശ്ര അടിയിൽ താമസസ്ഥലമൊരുക്കാം. ഒരു വീടിന് പരമാവധി 4.5 ലക്ഷമാണ് ചെലവ് കണക്കാക്കുന്നത്. ഇപ്പോൾ താമസിക്കുന്ന വീടിന്റെ ഓടോ, ഷീറ്റോ പൊളിച്ചുമാറ്റും. മുകളിലേക്ക് ജി.ഐ പൈപ്പും സിമന്റ് ബോർഡും ഉപയോഗിച്ച് മുറികൾ പണിയുന്നതാണ് പദ്ധതി. ടൈലിട്ട അറ്റാച്ച്ഡ് ബാത്ത്റൂം, അടിയിൽ സെപ്റ്റിക്ക് ടാങ്ക് എന്നിവയുണ്ടാവും. താഴെ ഭാഗം വെള്ളത്തിലായാൽ നാടുവിട്ടോടാതെ മുകൾ നിലയിലേക്ക് താമസം മാറ്റാം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പ്രളയത്തെ ചെറുക്കാനാവുന്ന വീട് പണിയുക വെല്ലുവിളിയാണ്. താമസിക്കുന്ന വീട് പൊളിക്കുന്നതിനു തന്നെ വലിയ തുക ചെലവാകും.

കുട്ടനാടിന്റെ ഭൂപ്രകൃതി പ്രകാരം ഒരു ചതുരശ്ര അടിയിൽ പരമാവധി താങ്ങാൻ കഴിയുന്നത് ഒരു ടൺ ഭാരമാണ്. സിമന്റ് ബോർഡ് ഉപയോഗിച്ചുള്ള വീട് നിർമ്മാണം ഭൂമിക്ക് അധികം ഭാരമേൽപ്പിക്കില്ല എന്നതും ഗുണമാണ്.

............................................

 4.5 ലക്ഷം: വീട് നവീകരണത്തിന്റെ ആകെ ചെലവ്

........................................

വീടിന്റെ പ്രത്യേകതകൾ

468 ചതുരശ്ര അടി വിസ്തീർണ്ണം

ഭാരം കുറവായതിനാൽ ഭൂപ്രദേശത്തിന് ദോഷമില്ല

നിലവിലെ വീടിന്റെ മേൽക്കൂരയിൽ നിർമ്മാണം

 30 വർഷത്തേക്ക് സുരക്ഷ വാഗ്ദാനം

 നിർമ്മാണത്തിന് ജി ഐ പൈപ്പും, വി ബോർഡും

 രണ്ട് കിടപ്പുമുറി, ഡ്രോയിംഗ് - ഡൈനിംഗ് റൂം, അടുക്കള, ബാത്ത്റൂം

ചെലവ്

 നിർമാണ സാമഗ്രികൾ: 2.5 - 3 ലക്ഷം

 പണിക്കൂലി: 1.5 ലക്ഷം

കുട്ടനാട്ടിൽ നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചതോടെയാണ് മികച്ച എൻജിനീയർമാരുടെ മേൽനോട്ടത്തിൽ പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചത്. ഭവന പദ്ധതിയിൽ ഈ മാതൃക ഉപയോഗിക്കാൻ ലൈഫ് മിഷന് തടസമില്ല. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ ജനങ്ങൾക്ക് കുട്ടനാട്ടിൽ തന്നെ ജീവിതം തുടരാനുള്ള സാഹചര്യം ഒരുങ്ങും

ബി.കെ.വിനോദ്കുമാർ, പ്രസിഡന്റ്, കൈനകരി വികസന സമിതി