ആലപ്പുഴ : ഇരവുകാട്"തളിർ " ജൈവ കർഷക കൂട്ടായ്മ ആലപ്പുഴ നഗരസഭയുടെ കാർഷിക പദ്ധതിയുമായി സഹകരിച്ച് ഗ്രൂപ്പു കൃഷി ആരംഭിക്കാൻ തീരുമാനിച്ചു. രണ്ടു പ്ലോട്ടുകളിലായി ഒന്നരയേക്കർ സ്ഥലത്താണ് കൃഷി. വീടുകളിൽ കൃഷി പ്രോത്സാഹിപ്പിക്കാനും ഇരവുകാട് വാർഡിലെ 30 വീടുകൾ വീതം ക്ലസ്റ്റർ രൂപീകരിക്കാനും ഓരോ ക്ലസ്റ്ററിന്റെയും ചുമതല തളിർ കൂട്ടായ്മയുടെ എക്സിക്യുട്ടീവ് അംഗങ്ങൾക്ക് നൽകാനും തീരുമാനിച്ചു.കർഷകർക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനായി ദ്വൈവാര പച്ചക്കറി ചന്ത, പച്ചക്കറി വണ്ടി, കിയോസ്ക് എന്നിവ ആരംഭിക്കും. ഇരവുകാട് ടെംപിൾ ഓഫ് ഇംഗ്ലീഷ് സ്ക്കൂളിൽ ചേർന്ന യോഗത്തിൽ നഗരസഭ അദ്ധ്യക്ഷയും തളിർ ജൈവ കർഷക കൂട്ടായ്മ രക്ഷാധികാരിയുമായ സൗമ്യ രാജ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.കെ.ശിവജി, എസ്.പ്രദീപ്, പി.എസ് ശശി, കെ.രവിശങ്കർ, പി.രാധാകൃഷ്ണൻ ,രഘുനാഥൻ, മഹേഷ്.എം.നായർ, സരിത വേണുഗോപാൽ, വിമൽ കുമാർ, എന്നിവർ പങ്കെടുത്തു.