ഹരിപ്പാട്: കാറ്റിൽ മരങ്ങൾ വൈദ്യുതി പോസ്റ്റ് തകർത്ത് റോഡിലേക്ക് വീണു ഗതാഗതം തടസപ്പെട്ടു. വീയപുരം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ ആറ്റുവാലിൽ വീട്ടിൽ ഫിലിപ്പ് ചാക്കൊയുടെ വീട്ടിലെ മരങ്ങളാണ് സമീപത്തെ റോഡിലേക്ക് വീണത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ആറു പോസ്റ്റുകൾ ഒടിഞ്ഞു. വൈദ്യുതി ഏറെനേരം തടസപ്പെട്ടു. ഹരിപ്പാട് നിന്നു അഗ്നിരക്ഷാസേന സ്ഥലത്തെത്തി രണ്ടര മണിക്കൂർ കൊണ്ട് മരങ്ങൾ മുഴുവൻ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.ജി. ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.ബിനുകുമാർ, ഓഫീസർമാരായ അരുൺകുമാർ, ഗണേഷ്, ശരത് ചന്ദ്രൻ, ഡ്രൈവർ സക്കിർ ഹുസൈൻ, ഹോംഗാർഡ് സത്യകുമാർ എന്നിവരടങ്ങിയ സംഘമാണ് മരങ്ങൾ വെട്ടി മാറ്റിയത്.