ആലപ്പുഴ: കൊവിഡ് ബാധിതനാണെന്ന് നാട്ടിൽ പ്രചരിപ്പിച്ച ശേഷം വീടു കേന്ദ്രീകരിച്ച് വാറ്റു നടത്തിയ വീട്ടുടമയ്ക്കും നാലു സുഹൃത്തുക്കൾക്കുമെതിരെ കേസ്. 120 ലിറ്റർ കോടയും രണ്ടര ലിറ്റർ ചാരായവും വീട്ടിൽ നിന്ന് പിടിച്ചെടുത്തു. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ ഗോപാലകൃഷ്ണനാചാരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആര്യാട് തെക്ക് തോപ്പുവെളിയിൽ പാലിയംവെളി വീട്ടിൽ രാജേന്ദ്രന്റെ വീട്ടിൽ നിന്നാണ് കോടയും ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്.
എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്. വീട്ടുടമയും വില്പനക്കാരായ നാലംഗ സംഘവും പരിശോധന സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ലോക്ക്ഡൗൺ സമയത്ത് രാജേന്ദ്രൻ വാറ്റു നടത്തുകയായിരുന്നു. ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് കള്ള പ്രചാരണം നടന്നതിനാൽ അയൽവാസികൾ വീട്ടിലേക്ക് പോകാറില്ലായിരുന്നു. എക്സൈസ് എത്തുന്നതറിഞ്ഞ് രാജേന്ദ്രനും സംഘവും ഓടി രക്ഷപെട്ടു. പരിശോധന സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺകുമാർ, എച്ച്.മുസ്തഫ, എൻ.പി.അരുൺ,അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ, ബിനേഷ്, പ്രിവന്റീവ് ഓഫീസർ കെ.ജയകൃഷ്ണൻ, എക്സൈസ് ഡ്രൈവർ വിനോദ് കുമാർ എന്നിവർ ഉണ്ടായിരുന്നു.