s

ഡ്രൈവിംഗ് പഠനകേന്ദ്രങ്ങൾക്ക് ഇരുട്ടടിയായി നിയമഭേദഗതി

ആലപ്പുഴ: ലോക്ക് ഡൗണിൽ മുടങ്ങിപ്പോയ ഡ്രൈവിംഗ് ക്ളാസുകൾ പുനരാരംഭിക്കാൻ വഴിയില്ലാതെ നട്ടം തിരിയുന്നതിനിടെ, മോട്ടാർ വാഹന വകുപ്പിന്റെ നിയമ ഭേദഗതി ഉടൻ നടപ്പാകുന്നത് ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരെ ആശങ്കയിലാക്കുന്നു. അക്രഡിറ്റഡ് ഡ്രൈവിംഗ് സ്കൂളുകളിൽ റോഡ് ടെസ്റ്റില്ലാതെ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കാവുന്ന തരത്തിലുള്ള ഭേദഗതി ജൂലായ് 1 മുതലാണ് പ്രാബല്യത്തിൽ വരുന്നത്.

നിയമം അനുശാസിക്കുന്ന നിബന്ധനകൾ പ്രാവർത്തികമാക്കി അക്രഡിറ്റഡ് ഡ്രൈവിംഗ് സ്കൂൾ ആകണമെങ്കിൽ ഭൂരിഭാഗം പരിശീലന കേന്ദ്രങ്ങളും സ്ഥലം ഉൾപ്പടെ വാങ്ങുന്നതിനായി വലിയ തുക മുടക്കേണ്ടി വരും. ധൃതിപിടിച്ച് മാറ്റങ്ങൾ നടപ്പിലാക്കുന്നത് അപ്രായോഗികമാണെന്നാണ് ഡ്രൈവിംഗ് പരിശീലകരുടെ പക്ഷം. അക്രഡിറ്റഡ് പരിശീലന കേന്ദ്രങ്ങളിൽ നിന്ന് കോഴ്സ് പൂർത്തിയാക്കുന്നവർക്ക് മാത്രം ലൈസൻസ് നൽകുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ നിലവിലെ 95 ശതമാനം പരിശീലന കേന്ദ്രങ്ങൾക്കും പൂട്ടുവീഴും.

വിവിധ മേഖലകളിൽ ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നിട്ടും ഡ്രൈവിംഗ് പരിശീലനം പുനരാരംഭിക്കാനുള്ള അനുമതി ലഭിക്കാത്തതിനാൽ കടുത്ത ദുരിതത്തിലാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും. ആദ്യ ലോക്ക് ഡൗണിന് ശേഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിശീലനം നടത്താനുള്ള അനുമതി ഡ്രൈവിംഗ് സ്കൂളുകൾക്ക് ലഭിച്ചിരുന്നു. ഇതിനിടയിലാണ് കൊവിഡ് രണ്ടാം തരംഗത്തിന്റെ വരവും അടച്ചുപൂട്ടലും.

അക്രഡിറ്റഡാവാൻ

പോക്കറ്റ് കീറും

 രണ്ടേക്കർ ഭൂമിയിൽ ആധുനിക സജ്ജീകരണങ്ങൾ

 രണ്ട് ക്ലാസ് മുറി, കമ്പ്യൂട്ടർ, പ്രൊജക്ടർ, ബയോമെട്രിക് ഹാജർ

 ഡ്രൈവിംഗ് ട്രാക്ക്, വർക്ക് ഷോപ്പ്

 സൗകര്യങ്ങൾ ഒരുക്കാൻ ലക്ഷങ്ങൾ ചെലവ്

 5 വർഷത്തിലൊരിക്കൽ അനുമതി പുതുക്കണം

 ഉടമയ്ക്കോ ജീവനക്കാരനോ മോട്ടോ‌ർ മെക്കാനിക്കൽ മികവ് തെളിയിച്ച രേഖ നിർബന്ധം

പ്ലസ് ടു യോഗ്യതയുള്ള, അഞ്ച് വർഷം ഡ്രൈവിംഗ് പരിശീലനമുള്ളവർക്ക് അക്രഡിറ്റഡ് കേന്ദ്രം തുടങ്ങാം

നിയമഭേദഗതി ഉടൻ നടപ്പാക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. നിലവിൽ ലോക്ക് ഡൗണിൽ വിലക്കുള്ളതിനാൽ ഡ്രൈവിംഗ് പരിശീലനം മുടങ്ങിയതു കാരണം വരുമാനമില്ലാതെ പരിശീലകർ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. ഓട്ടമില്ലാതെ കിടക്കുന്നത് വാഹനങ്ങൾക്കും തകരാറുണ്ടാക്കും

- അനിൽ, ഗാന്ധി ഡ്രൈവിംഗ് സ്കൂൾ, ആലപ്പുഴ