മാവേലിക്കര: കൊച്ചാലുമ്മൂട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഫർണീച്ചർ വർക്ക്ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ 15 ലക്ഷത്തിന്റെ നഷ്ടം. കൊല്ലകടവ് സ്വദേശി ഹാഷിമിന്റെ ഉടമസ്ഥതയിലുള്ള അൽഹിഷാം വുഡ് വർക്ക്സ് എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ 4 മണിയോടെ തീപിടിച്ചത്. തീപിടുത്തത്തിൽ സ്ഥാപനത്തിനുള്ളിൽ ഉണ്ടായിരുന്ന തടിപ്പണികൾക്ക് ഉപയോഗിക്കുന്ന മെഷീനുകൾ, തടികൾ, വയറിംഗ് എന്നിവ കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപനത്തിൽ നിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളാണ് മാവേലിക്കര ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. സ്റ്റേഷൻ ഓഫീസർ ജയദേവന്റെ നേതൃത്വത്തിൽ മാവേലിക്കരയിൽ നിന്നും ചെങ്ങന്നൂരിൽ നിന്നുമായി മൂന്ന് യൂണിറ്റ് ഫയർ എഞ്ചിനുകൾ എത്തി മൂന്ന് മണിക്കൂർ പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രക്ഷാ പ്രവർത്തനത്തിൽ സീനിയർ ഫയർ ആന്റ് റസ്ക്യു ഓഫീസർ ജെ.പി അനിൽകുമാർ, ഷിജു, ബൈജു, റോബിൻസൺ, സജേഷ്, സുജിത്ത്, രഞ്ജിത്ത്, ജെസ്റ്റിൻ, അജിത്ത്, വിനിൽ, ഹോംഗാർഡുമാരായ തങ്കപ്പൻ, ശശീന്ദ്രൻ, രാധാകൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു.