കായംകുളം : തീരുമാനമെടുത്ത് വർഷങ്ങൾ പിന്നിട്ടിട്ടും കായംകുളം ഗവ.ഐ.ടി.ഐയ്ക്ക് കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുത്തു നൽകാൻ കഴിയാതെ കായംകുളം നഗരസഭ. ഏറ്റെടുക്കേണ്ട സ്ഥലത്തിൽ ഭൂമാഫിയ പിടിമുറുക്കിയതാണ് നടപടി വൈകിക്കുന്നതിനു പിന്നിലെന്ന് ആരോപണമുയരുന്നു.
ഐ.ടി.ഐയ്ക്കും സ്റ്റേഡിയത്തിനുമായി റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപമുള്ള വെട്ടത്തേത്ത് വയൽ ഏറ്റെടുവാനാണ് 2014 ലെ കൗൺസിൽ യോഗം തീരുമാനിച്ചത്. ഇതിനായി 3.5 കോടി രൂപ ജില്ലാ കളക്ടറുടെ വർക്ക് ഡെപ്പോസിറ്റ് ഫണ്ടിലേയ്ക്ക് അടച്ചെങ്കിലും ഭൂമാഫിയയ്ക്ക് അനുകൂലമായ നിലപാടാണ് നഗരസഭ സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു .പിന്നീട് അധികാരത്തിൽ വന്ന എൽ.ഡി.എഫ് ഭരണസമിതി അർജന്റ് ക്ലെയിം എന്ന വിഭാഗത്തിലേക്ക് മാറ്റി കത്ത് നൽകിയതാണ് വസ്തു ഏറ്റെടുക്കാൻ തടസമായത്., ഇപ്പോൾ കടമുറിയിലാണ് ഐ.ടി.ഐ പ്രവർത്തിയ്ക്കുന്നത് . സ്ഥലം ഏറ്റെടുത്ത് നൽകാത്തതിനെ തുടർന്ന് ഐ.ടി.ഐയിലേക്കുള്ള പ്രവേശനം ഇടക്കാലത്ത് തൊഴിൽ വകുപ്പ് നിറുത്തുകയും ഐ.ടി.ഐ കായംകുളത്തിന് നഷ്ടമാകുന്ന സ്ഥിതിയും വന്നുചേർന്നിരുന്നു
3.5 : കളക്ടറുടെ വർക്ക് ഡെപ്പോസിറ്റ് ണ്ടിലേക്ക് നഗരസഭ നൽകിയത് 3.5 കോടി
2014 ൽ നടന്നത്
കായംകുളം വില്ലേജിൽ റീ സർവ്വേ നമ്പർ 113/26, 139/48, 139/49 ൽ 40.47 ആർസ് ഭൂമി 2013 ലെ ഭൂനിയമ പ്രകാരവും നഗരസഭ കൗൺസിൽ തീരുമാന പ്രകാരവും അടിയന്തരമായി ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പിൽ നിന്നും 2014 ൽ ഉത്തരവ് ലഭിച്ചിരുന്നു. എന്നാൽ ഈ സ്ഥലത്തിന്റെ ഉടമകൾ സമ്മതപത്രം നൽകുന്നതിൽ കാലതാമസം വരുത്തിയത് മൂലം സമയബന്ധിതമായി സ്ഥലം ഏറ്റെടുക്കൽ നടത്താനായില്ല.
''ഐ.ടി.ഐ കെട്ടിടത്തിനുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വഴിപ്രശ്നം, നീരൊഴുക്ക് , നിലം നികത്തൽ അടക്കം നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇവയ്ക്ക് പരിഹാരം കണ്ട് വേഗത്തിൽ സ്ഥലമേറ്റെടുക്കാനുള്ള നടപടികളാണ് നഗരസഭ കൈക്കൊള്ളുന്നത്
പി. ശശികല, ചെയർപേഴ്സൺ
കായംകുളം നഗരസഭ