ആലപ്പുഴ: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത പൊക്ലാശ്ശേരി ഗവ എൽ.പി സ്‌കൂളിലെ ഒമ്പത് കുട്ടികൾക്ക് പൂർവ വിദ്യാർത്ഥികളും സുമനസുകളും ചേർന്ന് സ്മാർട്ട് ഫോണുകൾ നൽകി. വിതരണോദ്ഘാടനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. മണ്ഡലത്തിലെ എല്ലാ സർക്കാർ സ്‌കൂളുകളിലേയും വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട് ഫോണുകൾ ലഭ്യമാക്കുമെന്ന് എം.എൽ.എ പറഞ്ഞു. ചടങ്ങിൽ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശനാ ഭായ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.സി.ഷിബു, വാർഡ് അംഗം ടി.പി.വിനോദ്, മുൻ ഹെഡ്മിസ്ട്രസ് സി.ബി.സ്വർണമ്മ, എസ്.എം.സി ചെയർമാൻ വി.കെ.കലേഷ്, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് രശ്മി സജീവ് തുടങ്ങിയവർ പങ്കെടുത്തു.