krishi

കുട്ടനാട് : രണ്ടുവെള്ളപ്പൊക്കങ്ങൾ നൽകിയ ദുരിതം,കൊവിഡ് ഭീഷണി ഇങ്ങനെ പ്രതിസന്ധികൾ ഒത്തിരിയുണ്ടെങ്കിലും പ്രതീക്ഷയോടെ രണ്ടാംകൃഷിയിലേക്ക് കടക്കുകയാണ് കുട്ടനാട്ടിലെ നെൽക്കർഷകർ. ഇക്കുറി 9000 ഹെക്ടറിൽ രണ്ടാംകൃഷി ഇറക്കാനാണ് കൃഷിവകുപ്പ് പദ്ധതിയിട്ടിട്ടുള്ളത്.

ചമ്പക്കുളംകൃഷിഭവന് കീഴിലുള്ള 22 പാടശേഖരങ്ങൾക്ക് പുറമെ, നെടുമുടി ,കൈനകരി,എടത്വ,വീയപുരം,പുറക്കാട്, അമ്പലപ്പുഴ എന്നിവിടങ്ങളിലെയും ആലപ്പുഴയിലെയും പാടശേഖരങ്ങൾ കൂടി ഈ 9000ഹെക്ടറിൽ പെടും. ഇതിൽ ആയിരത്തി അഞ്ഞൂറോളം ഹെക്ടറിൽ ഇപ്പോൾ തന്നെ കൃഷി ഇറക്കികഴിഞ്ഞതായി കൃഷിവകുപ്പ് അധികൃതർ പറഞ്ഞു. ബാക്കിവരുന്ന 7500 ഹെക്ടറിൽ വരുന്ന ഏതാനും ആഴ്ചകൾക്കുള്ളിൽ കൃഷി ഇറക്കും. മുൻകാലങ്ങളിലെപ്പോലെ ഇക്കുറിയും ഉമ ഇനത്തിലെ വിത്തിനോടാണ് കർഷകർക്ക് പ്രിയം. ഉമ കഴിഞ്ഞാൽ മണിരത്ന എന്ന വിത്തിനത്തിനാണ് ആവശ്യക്കാർ കൂടുതൽ. നൂറ് ദിവസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയുമെന്നതാണ് ഇതിനോട് കർഷകർക്ക് ആഭിമുഖ്യംതോന്നാൽ കാരണം. മുൻവർഷങ്ങളിൽ കുട്ടനാട്ടിൽ പതിനായിരം ഹെക്ടറിൽ വരെ രണ്ടാംകൃഷി ചെയ്തിരുന്നതാണ്. എന്നാൽ തുടർച്ചയായ വെള്ളപ്പൊക്കവും മറ്റും കാരണം കൃഷി വൻ വെല്ലുവിളിയായ് മാറുകയും നഷ്ടം ഇരട്ടിയാകുകയും ചെയ്തതോടെ ഇപ്രാവശ്യം രണ്ടാംകൃഷി 9000ഹെക്ടറിലായി ഒതുക്കാൻ കൃഷിവകുപ്പ് തീരുമാനിക്കുകയായിരുന്നു.