അരൂർ: ക്ഷേത്രക്കുളത്തിനോട് ചേർന്ന ഭൂമിയിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം നിക്ഷേപിച്ചതായി പരാതി. അരൂർ പുതു വാരനാട്ട് ക്ഷേത്രക്കുളത്തിനോട് ചേർന്ന ഭാഗത്താണ് കോഴിക്കടയിലെ ഇറച്ചി മാലിന്യവും മുടിവെട്ട് കടയിലെ അവശിഷ്ടങ്ങളും മറ്റും പ്ലാസ്റ്റിക് കിറ്റുകളിലും ചാക്കുകളിലുമായി തള്ളുന്നത്. കാലവർഷം തുടങ്ങിയതോടെ സമീപ പ്രദേശങ്ങളിൽ നിന്ന് മഴവെള്ളം ക്ഷേത്രക്കുളത്തിലേക്ക് ഒഴുകി എത്താറുണ്ട്. ഇറച്ചികോഴി അവശിഷ്ടവും മുടിയും മറ്റു മാലിന്യവും മഴവെള്ളത്തോടൊപ്പം ക്ഷേത്രക്കുളത്തിലേക്ക് എത്തിച്ചേരും. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും ഒരു നടപടിയുമായില്ലെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ പറഞ്ഞു.