ആലപ്പുഴ: നഗരസഭയുടെ നേതൃത്വത്തിൽ ഓണത്തിന് വിളവെടുക്കാനായുള്ള കാർഷിക പദ്ധതി 'പൊന്നോണത്തോട്ടം' വിളവിറക്ക് ഇന്ന് മന്ത്രി പി.പ്രസാദ് നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയോടനുബന്ധിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയുടെ നേരിട്ടുള്ള നേതൃത്വത്തിലും വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കലാ സാംസ്കാരിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലെ ഗ്രൂപ്പ് കൃഷിയാണ് പ്രത്യേകത. നഗരസഭയിലെ 52 കൗൺസിലർമാരുടേയും 300ൽ പരം ജീവനക്കാരുടേയും നേതൃത്വത്തിൽ ഒന്നരക്കേറിലാണ് ഗ്രൂപ്പു കൃഷി. . ഗ്രൂപ്പുകൃഷിക്കും വ്യക്തിഗത കൃഷിക്കും കൃഷി ഭവന്റെയും കാർഷിക വിദഗ്ദ്ധരുടെയും സേവനങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കും.
വാർഡ് അടിസ്ഥാനത്തിൽ മികച്ച കാർഷിക പ്രവർത്തനം കാഴ്ചവയ്ക്കുന്ന വാർഡിനും കൗൺസിലർക്കും പ്രത്യേക ഇൻസെന്റീവ് നൽകും. അഞ്ചുലക്ഷം അധിക തുകയുടെ സമ്മാനം.
മികച്ച കൃഷിയും വിളവും നേടുന്ന റെസിഡൻസ് അസോസിയേഷനുകൾക്കും സംഘടനകൾക്കും എ.ഡി.എസ് ഗ്രൂപ്പുകൾക്കും വീടുകൾക്കും സമ്മാനമുണ്ട്. കർഷകർക്ക് മികച്ച വിപണിയും വിലയും ഉറപ്പാക്കാൻ വാർഡുതല വിഷമില്ലാച്ചന്തകളും പച്ചക്കറി വണ്ടികളും സംഘടിപ്പിക്കും.നഗരസഭയുടെ വിവിധ കിയോസ്കുകൾ വഴിയും വിപണനം ലക്ഷ്യമിടുന്നു. വിഷവിമുക്ത ജൈവ പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത എന്നതാണ് പദ്ധതി ലക്ഷ്യമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ്, ഉപാദ്ധ്യക്ഷൻ പി.എസ്.എം. ഹുസൈൻ, വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു തോമസ്, സെക്രട്ടറി നീതുലാൽ എന്നിവർ അറിയിച്ചു. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ അഡ്വ.എ.എം.ആരിഫ് എം.പി, എം.എൽ.എമാരായ എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ, വിവിധ കൃഷി വിദഗ്ദർ എന്നിവർ പങ്കെടുക്കും.