മാവേലിക്കര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സ്‌കൂൾ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പുസ്തക വണ്ടിക്ക് തുടക്കമായി. വായന പക്ഷാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വായന മഴയുടെ ഭാഗമായാണ് പദ്ധതി. എം.എസ് അരുൺകുമാർ എം.എൽ.എ പുസ്തക വണ്ടി ഫ്ളാഗ് ഓഫ് ചെയ്തു. ജോയിന്റ് ആർ.ടി.ഒ എം.ജി മനോജ്, എ.എം.വി.ഐ ശ്യാം, പി.ടി.എ പ്രസിഡന്റ് അജിത്.ജി, പ്രഥമാദ്ധ്യാപകൻ പ്രസന്നൻപിള്ള, ആശ രാഘവൻ, ഗിരിജ കുമാരി, സവിത, ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.
കൊവിഡ് കാലത്ത് സ്‌കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുമായി അദ്ധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക് ഇഷ്യു രജിസ്റ്റർ സഹിതം പോകുന്നതാണ് പദ്ധതി. വിദ്യാരംഗം കലാസാഹിത്യ വേദി കോ ഓഡിനേറ്റർമാരായ ആശ രാഘവൻ, ഗിരിജകുമാരി, സ്‌കൂൾ ലൈബ്രറി ഇൻചാർജുമാരായ ഡി.സവിത, കെ.ആർ ജയശ്രീ എന്നിവരാണ് പുസ്തകവണ്ടിക്ക് നേതൃത്വം നൽകുന്നത്. വായനമഴ എഴുത്തുകാരൻ ഹർഷാദ് ബത്തേരി വർച്വൽ പ്ലാറ്റ്‌ഫോമിൽ ഉദ്ഘാടനം ചെയ്തു. ഏഴാം ക്ലാസ് മലയാളം പാഠാവലിയിലെ പാഠഭാഗമായ, മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും എന്ന കഥയുടെ സൃഷ്ടാവാണ് അർഷാദ്. നിഷപ്രഭ മോഡറേറ്ററായി.