tetrapod
ടെട്രോപോഡ്

മുതുകുളം: ആറാട്ടുപുഴയിലെ വട്ടച്ചാൽ അടക്കമുള്ള പ്രദേശങ്ങളിലെ ടെട്രാപോഡ് നിർമാണവുമായി ബന്ധപ്പെട്ടു പുതിയ ആരോപണങ്ങൾ. ടെട്രോപോഡ് നിർമാണത്തി​ന് ഉപയോഗിക്കുന്ന സ്വകാര്യവ്യക്തികളുടെ ഭൂമിക്ക് ചിലയിടങ്ങളിൽ തറ വാടക നല്കുന്നില്ലെന്നാണ് ആരോപണം.

വട്ടച്ചാൽ അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങളാണ് പരാതിയുമായി രംഗത്ത് വന്നി​രിക്കുകയാണ്. പുലിമുട്ട് നിർമ്മിക്കുന്നതിനു താത്കാലി​കമായി കല്ലിറക്കിവയ്ക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടാണ് തീരദേശത്ത് ടെട്രോപോഡ് നിർമാണം തുടങ്ങിയത്. 3മാസത്തിനകം പൂർത്തിയാകുമെന്ന് പറഞ്ഞതനുസരിച്ചാണ് തീരദേശവാസികൾ ഭൂമി ഉപയോഗിക്കാൻ അനുവാദം കൊടുത്തത് . എന്നാൽ 4മാസം ആയിട്ടും 2000 ടെട്രാപോഡ് മാത്രമേ നിർമിക്കാൻ കഴിഞ്ഞുള്ളു. ഇനിയും 8000ത്തിലധികം നിർമിക്കാനുണ്ട്.

ടെട്രാപോഡുകളുടെ നിർമാണം പൂർത്തിയാക്കി കരിങ്കല്ലി​റക്കി പുലിമുട്ട് നിർമാണം പൂർത്തിയാക്കണമെങ്കിൽ 2വർഷത്തോളം എടുക്കും. ഇക്കാലയളവി​ൽ വസ്തു ഉടമയ്ക്ക് ഭൂമിയിൽ യാതൊരു പ്രവർത്തനങ്ങളും നടത്താൻ കഴിയുകയില്ലെന്ന് നാട്ടുകാർ പറയുന്നു. തെങ്ങി​ൻ തൈകൾ പൂർണമായും നശിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ കായ്ക്കലമുണ്ടായി​രുന്ന തെങ്ങുകൾ നിർമാണത്തിന്റെ പേരിൽ പിഴുതു കളഞ്ഞു. ഭൂമിയിൽ പലവിധ നഷ്ടങ്ങളും ഉണ്ടായി.കരാർ എടുക്കുമ്പോൾ ഇത്തരത്തിലുള്ള ചെലവുകൾക്ക് കൂടി തുക വകയിരുത്തി ആണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് . ദീർഘകാലത്തേയ്ക്ക് ഭൂമി ആവശ്യമായതിനാൽ ന്യായമായ തറവാടക നിച്ചയിച്ചു നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം . സമീപ പ്രദേശമായ മംഗലത്തു വെയ്ബ്രിഡ്ജിന് 3500രൂപയും ടെട്രോപ്പോഡ് നിർമിക്കുന്ന സ്ഥലത്തിന് 11500രൂപയും കൂടി 15000രൂപ തറവാടക കൊടുക്കുന്നുണ്ട്. അതുപോലെ തറവാടക നിച്ചയിച്ചു നൽകാൻ കോൺട്രാക്ടർ തയാറാകണമെന്നാണ് ഭൂവുടമകളുടെ ആവശ്യം. തീരത്ത് ടെ ട്രോപോഡ് സ്ഥാപിക്കുന്നതിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാണ്.