കുട്ടനാട്: എസ്.എൻ.ഡി.പി യോഗം മാമ്പുഴക്കരി 442ാം നമ്പർ ശാഖായോഗം സെക്രട്ടറി മാമ്പുഴക്കരി ആതിരനിവാസിൽ രാധാകൃഷ്ണന്റെ വീടിന്റെ ജനാലകൾ സമീപവാസി കഴിഞ്ഞദിവസം അർദ്ധരാത്രിയോടെ അടിച്ചുതകർത്തതായി പരാതി. സോഡാ കുപ്പി വിടിനകത്തേക്ക് വലിച്ചെറിയുകയും പുറത്തിരുന്ന ഹെൽമറ്റ് നശിപ്പിക്കുകയും വീട്ടുകാർക്ക് നേരെ ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തിൽ അയൽവാസിയായ അട്ടിച്ചിറ രഞ്ചിത്തിനെതിരെ (42) രാമങ്കരി പൊലീസ് കേസെടുത്തു. മുൻവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നു പറയപ്പെടുന്നു. സമീപനാളുകളിൽ പ്രദേശത്ത് അഞ്ചു വീടുകൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഈ സംഭവങ്ങളിൽ പൊലീസ് നടപടി എടുക്കാത്തതിനാലാണ് സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതെന്ന് നാട്ടുകാർ പറഞ്ഞു.