മഴക്കാല രോഗ ഭീഷണിയിൽ ജില്ല
ആലപ്പുഴ: കൊവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിൽ നിൽക്കവേ പുതിയൊരു ഭീതിയായി മറുകയാണ് മഴക്കാല സാംക്രമിക രോഗങ്ങളും ജലജന്യ രോഗങ്ങളും. കൊവിഡ് പശ്ചാത്തലത്തിൽ മഴക്കാല പ്രതിരോധ സംവിധാനങ്ങളും രോഗ ചികിത്സയും പരിമിതമാണെന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.
ആരോഗ്യവകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടെ കൊവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലായതിനാൽ മഴക്കാല പൂർവ്വ മുന്നൊരുക്കങ്ങൾ മുൻവർഷങ്ങളിലെ പ്പോലെ വേണ്ടത്ര സജീവമായിട്ടില്ല. മുൻവർഷങ്ങളിൽ എച്ച് വൺ എൻവൺ,ഡെങ്കിപ്പനി, പകർച്ചപ്പനി, ചിക്കുൻഗുനിയ, കോളറ, എലിപ്പനി എന്നിവയുടെ പിടിയിലമർന്നിരുന്നു ജില്ല.
ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
ജലത്തിൽ നിന്നുണ്ടാകുന്ന രോഗങ്ങൾക്കെതിരെ നല്ല ജാഗ്രതയാണ് വേണ്ടത്. കാരണം വർഷകാലത്ത് പതിവിൽ കവിഞ്ഞ ശ്രദ്ധ ആരോഗ്യ കാര്യങ്ങളിൽ വേണം.
പലയിടത്തും കാനകളും ഒഴുക്കു നിലച്ച ജലാശയങ്ങളും നിറഞ്ഞു കിടക്കുന്ന സ്ഥിതിയാണ്. സാംക്രമിക രോഗവ്യാപനത്തിന്റെ താവളങ്ങളായി ഇവ മാറുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
തദ്ദേശ സ്ഥാപനങ്ങളിൽ കൊതുക് നശീകരണ പ്രവർത്തനം നടത്തിയെങ്കിലും മഴയ്ക്കുശേഷം കൊതുകുകൾ പെരുകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവയ്‌ക്കെതിരെ കടുത്ത ജാഗ്രത പുലർത്തണം. മഴക്കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് കുട്ടികളും പ്രായമായവരുമാണ്. മലിനമായ ജലവും ഭക്ഷണവും മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവും.
മഴക്കാലത്ത് ശ്രദ്ധിക്കാൻ
നന്നായി തിളപ്പിച്ചാറിയ വെള്ളമേ കുടിക്കാവൂ
കാർബണേറ്റഡ് പാനീയങ്ങളും കൃത്രിമ പാനീയങ്ങളും ഒഴിവാക്കുക
പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകുക
ആഹാര സാധനങ്ങൾ അടച്ച് സൂക്ഷിക്കണം, പഴകിയ ആഹാരം കഴിക്കരുത്
ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകണം
കുടിവെള്ള സ്രോതസുകൾ വൃത്തിയാക്കിയ ശേഷം ക്ലോറിനേറ്റ് ചെയ്യണം
വൃത്തിയുള്ള പാത്രത്തിലേ വെള്ളം ശേഖരിച്ച് വയ്ക്കാവൂ
കൃത്യമായ ഇടവേളകളിൽ പാത്രം കഴുകി വൃത്തിയാക്കുക
വ്യക്തി ശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം എന്നിവ പാലിക്കണം
..........................
കാലവർഷ മഴ ലഭിക്കുന്ന സാഹചര്യത്തിൽ കൊതുകു വളരാനുളള സാഹചര്യങ്ങൾ വീടുകളിൽ ഇല്ലെന്ന് എല്ലാവരും ഉറപ്പാക്കണം. ഞായറാഴ്ചകളിൽ വീടുകളിൽ 'ഡ്രൈഡേ' ആചരിക്കണം. ആഴ്ചതോറും 15 മിനിട്ടെങ്കിലും വീടുകളുടെ അകത്തും മുകളിലും പരിസരവും നിരീക്ഷണം നടത്തി കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്ന പ്രക്രിയയാണിത്. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണം.
ജില്ലാ മെഡിക്കൽ ഓഫീസർ