അമ്പലപ്പുഴ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വാങ്ങി നൽകാനായി ബിരിയാണി ചലഞ്ചൊരുക്കി യുവാക്കളുടെ കൂട്ടായ്മ. ആലപ്പുഴ സ്റ്റേഡിയം വാർഡിലെ ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിലാണ് നാട്ടുകാർ കൈകോർത്ത് 3000 ബിരിയാണി തയ്യാറാക്കിയത്. ഇർഷാദ് പളളി ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സൗമ്യരാജിന് ബിരിയാണി കൈമാറി എച്ച്. സലാം എം.എൽ.എ ആദ്യ വില്പന നടത്തി ചലഞ്ച് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ബി.അജേഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എ.എസ്.കവിത, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കെ.ജി. ജയലാൽ, എ.പി. സോണ എന്നിവർ സംസാരിച്ചു. ജി .സതീഷ് കുമാർ സ്വാഗതം പറഞ്ഞു.