tower

പൂച്ചാക്കൽ: ബി.എസ്.എൻ.എൽ ടവർ മറിഞ്ഞുവീണ് പള്ളിപ്പുറം പഞ്ചായത്ത് കമ്മ്യൂണിറ്റി സെന്ററിലെ കുത്തിവയ്പ് കേന്ദ്രം കെട്ടിടം തകർന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഉണ്ടായ കാറ്റിലും മഴയിലും തൊട്ടടുത്തുള്ള കെട്ടിടത്തിലെ മീഡിയം ടവറാണ് തകർന്നു വീണത്. ചികിത്സയ്ക്കായി ദിവസേന നൂറുകണക്കിനാളുകൾ എത്തുന്ന ആരോഗ്യ കേന്ദ്രമാണിത്. ഒഴിവ് ദിവസമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വിവരം അറിഞ്ഞെത്തിയ ഹെൽത്ത് ഇൻസ്പെക്ടർ ഹർകിഷൻ, ഡി.വൈ.എഫ്.ഐയുടെ ആരോഗ്യ പ്രവർത്തകരായ അഭിജിത്ത്, വിനീത് എന്നിവരുടെ നേതൃത്വത്തിൽ കെട്ടിടത്തിൽ നിന്ന് പ്രധാനപ്പെട്ട ചികിത്സ ഉപകരണങ്ങൾ നീക്കി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, പഞ്ചായത്ത് പ്രസിഡന്റ് സുധീഷ് എന്നിവർ സംഭവസ്ഥലത്തെത്തി.