ഹരിപ്പാട്: നഗരസഭയുടെ താത്കാലിക ഷെൽട്ടർ ഹോമിലെ അന്തേവാസികൾക്ക് ഒരു മാസത്തിലേറെയായി ആഹാരം നൽകാൻ നേതൃത്വം നൽകിയിരുന്ന സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഭക്ഷണം വിളമ്പുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
സി.പി.എം പിലാപ്പുഴ 21 ബ്രാഞ്ച് സെക്രട്ടറി പാലപ്പറമ്പിൽ രവീന്ദ്രൻ (64) ആണ് മരിച്ചത്. കഴിഞ്ഞ മാസം ലോക്ക് ഡൗൺ തുടങ്ങിയതോടെ തെരുവിൽ അലഞ്ഞു തിരിയുന്ന 28 പേരെ സന്നദ്ധ പ്രവർത്തകർ ചേർന്ന് ആരൂർ ഗവ സ്കൂളിലെ താത്കാലിക അഭയ കേന്ദ്രത്തിലാക്കിയിരുന്നു. നഗരസഭയും എസ്.എഫ്.ഐ അടക്കമുള്ള സന്നദ്ധ സംഘടനകളും ചേർന്നാണ് ഇവർക്ക് ഭക്ഷണവും വസ്ത്രവും മരുന്നുമൊക്കെ എത്തിച്ചിരുന്നത്. ഷെൽട്ടർ ഹോം നിറുത്തുന്ന സാഹചര്യത്തിൽ സദ്യ നൽകി അവരെ യാത്രയാക്കുന്നതിനു മുന്നോടിയായി ഒരുക്കിയ ഭക്ഷണം നൽകുന്നതിനിടെ ആയിരുന്നു സംഭവം. ഇന്നലെ രാവിലെ രക്തസമ്മർദ്ദം കൂടിയ രവീന്ദ്രനെ മരുന്നു നൽകിയ ശേഷം വിശ്രമിക്കാൻ നിർദ്ദേശിച്ചു ഡോക്ടർ വീട്ടിലേക്കു വിട്ടെങ്കിലും നേരെ ക്യാമ്പിലെത്തുകയും സദ്യയിൽ പങ്കെടുക്കുകയുമായിരുന്നു. കൂലിപ്പണിക്കാരനാണ്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇന്നു വൈകിട്ട് സംസ്കാരം നടക്കും ഭാര്യ: യശോദ. മകൻ: രഗേഷ്. മരുമകൾ:പ്രജിത