photo

2012 ഫെബ്രുവരി 15. നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ സെന്റ് ആന്റണീസ് എന്ന ബോട്ടിലെ രണ്ടു ജീവനക്കാർ വെടിയേറ്റ് മരിച്ചു. കേരളം ‌ഞെട്ടലോടെ ശ്രവിച്ച വാർത്ത. എൻറിക്ക ലെക്‌സി എന്ന എണ്ണകപ്പലിലെ ഇറ്റാലിയൻ നാവികരാണ് വെടിയുതിർത്തത്. സംഭവത്തിനു ശേഷം ഒന്നുമറിയാത്ത പോലെ യാത്രതുടർന്ന കപ്പലിനെ നാവികസേന കസ്‌റ്റഡിയിലെടുത്ത് കൊച്ചി തീരത്ത് എത്തിച്ചതോടെ മുമ്പെങ്ങും കണ്ടില്ലാത്ത അന്വേഷണങ്ങൾക്കും നിയമപോരാട്ടങ്ങൾക്കുമാണ് തുടക്കമായത്. പത്തുവർഷങ്ങൾക്ക് ശേഷം മരണമടഞ്ഞവരുടെ ഉറ്റവർക്കും ബോട്ടുടമകൾക്കും നഷ്‌ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പിലെത്തി. എന്നാൽ, കടലിൽ നടന്ന ഒരു ക്രിമിനൽ കേസിലെ നട‌പടികൾ വിചാരണ കൂട‌ാതെ ഇന്ത്യയിൽ അവസാനിക്കുമ്പോൾ രാജ്യത്തെ പരമോന്നത നീതിന്യായവ്യവസ്ഥയിൽ കാറ്റും കോളിന്റെയും ക‌ട‌ലിരമ്പമാണ്.

കടൽക്കൊലക്കേസിൽ ഇങ്ങനെയൊരു പരിസമാപ്തി ആരും പ്രതീക്ഷിച്ചിരുന്നില്ല. കൊലപാതക കുറ്റം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ഉൾപ്പെടുത്തി കേരള പൊലീസും ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ) മികച്ച രീതിയിൽ അന്വേഷിച്ച ഒരു കേസായിരുന്നു. കേരള ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നടന്ന നിയമപോരാട്ടങ്ങൾ ഒരു പാഠപുസ്തകമാണ്. കാരണം ഇതിന് മുന്ന് ഇത്തരത്തിലുള്ള ഒരു കേസുണ്ടായിട്ടില്ല. കേരള പൊലീസിന് തുടക്കത്തിൽ എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. നിയമവിദഗ്ദ്ധരുമായുള്ള നിരന്തര കൂടിയാലോചനകൾക്ക് ശേഷമായിരുന്നു അന്വേഷണസംഘങ്ങളുടെ ഓരോ നീക്കങ്ങളും. ഇത്തരം കേസുകൾ കൈകാര്യം ചെയ്‌ത അഭിഭാഷകരും ഇന്ത്യയിൽ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. അതിനാൽ തുടക്കം മുതൽ കേസ് ശ്രദ്ധാകേന്ദ്രമായി. ഇപ്പോൾ പത്തുവർഷത്തിനു ശേഷം കേസ് ഒത്തുതീർപ്പാകുമ്പോൾ ഭരണഘടനാപരമായ വിഷയത്തിലധിഷ്ഠിതമായ നിയമപ്രശ്‌നങ്ങൾ ചോദ്യചിഹ്‌നമായി അവശേഷിക്കുന്നു.

ഹേഗിലെ അന്താരാഷ്‌ട്ര കോടതി വിധിയോടെയാണ് കേസിലെ പ്രതികളായ ഇറ്റാലിയൻ നാവികർക്കെതിരെയുള്ള ഇന്ത്യയിലെ ക്രിമിനൽ നടപടികൾ തടസപ്പെടാനുള്ള സാഹചര്യമൊരുങ്ങിയത്. നഷ്‌ടപരിഹാരം നൽകി ഇന്ത്യയും ഇറ്റലിയും കേസ് അവസാനിപ്പിക്കണമെന്നായിരുന്നു വിധി. ഇന്ത്യ സമ്മതമറിയിക്കുകയും ചെയ്‌തു. എന്നാൽ, നാവികരെ കുറ്റവിമുക്തരാക്കിയ നടപടി ഇന്ത്യയുടെ നീതിന്യായ പരമാധികാരത്തെയാണ് ചോദ്യംചെയ്യുന്നതെന്ന വിമർശനമാണ് ഉയരുന്നത്. കാരണം, സമുദ്രനിയമങ്ങൾ പരിഗണിക്കുന്ന അന്താരാഷ്‌ട്ര ട്രൈബ്യൂണലിൽ സമുദ്രനിയമങ്ങൾ പരിഗണിക്കുന്ന അന്താരാഷ്‌ട്ര ട്രൈബ്യൂണലിൽ നാവികരും ഇറ്റലിയും ഉയർത്തിയ വാദമുഖങ്ങളെല്ലാം കേരള ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതാണ്. അതിനുശേഷമാണ് കൊലക്കുറ്റത്തിന് വിചാരണ തുടങ്ങാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. സമുദ്രനിയമങ്ങൾ പരിഗണിക്കുന്ന അന്താരാഷ്‌ട്ര ട്രൈബ്യൂണലാണ് കേസ് അന്താരാഷ്‌ട്ര കോടതിക്ക് കൈമാറിയത്.

ഇന്ത്യൻ ഭരണഘടനയനുസരിച്ച് സുപ്രീംകോടതി വിധി അന്തിമമാണ്. കേസിന്റെ വിചാരണയ്‌ക്കായി സുപ്രീം കോടതി വിധിപ്രകാരം പ്രത്യേക എൻ.ഐ.എ കോടതിയും രൂപീകരിച്ചിരുന്നു. നഷ്‌ടപരിഹാരമായി അന്താരാഷ്‌ട്ര കോടതി വിധി പ്രകാരം ഇറ്റലി പത്തു കോടി രൂപ കെട്ടിവച്ചതോടെയാണ് കേസ് അവസാനിപ്പിച്ചെന്ന ഉത്തരവ് സുപ്രീകോടതി പുറപ്പെടുവിച്ചത്. തുക കേരള ഹൈക്കോടതിക്ക് കൈമാറാനും നിർദ്ദേശിച്ചു. നാലുകോടി രൂപ വീതം കൊല്ലപ്പെട്ട ജലസ്‌റ്റിൽ, അജേഷ് പിങ്കി എന്നിവരുടെ കുടുംബത്തിനും രണ്ടുകോടി രൂപ ബോട്ടുടമ ഫ്രെഡിക്കുമുള്ളതാണ്. കപ്പലിലെ സുരക്ഷാ ജീവനക്കാരായ സാൽവത്തോറെ ജിറോൺ, ലത്തോറെ മാസിമിലിയാനോ എന്നിവരായിരുന്നു പ്രതികൾ. സംഭവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ അഞ്ചു കേസുകളാണുണ്ടായിരുന്നത്. ഇവയെല്ലാം അവസാനിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം ആവശ്യപ്പെട്ടതോടെയാണ് ഒത്തുതീർപ്പ് തലങ്ങളിലേക്ക് കേസ് വഴിമാറിയത്. നഷ്‌ടപരിഹാര തുക ലഭിച്ച ശേഷം കേസ് അവസാനിപ്പിക്കാമെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. തുക കോടതിയിൽ കെട്ടിവച്ചതോടെ ഇന്ത്യയിലെ കേസുകളെല്ലാം അവസാനിച്ചെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിറക്കി. നഷ്‌ടപരിഹാര തുക കേരള ഹൈക്കോടതി കൈമാറും.

തന്ത്രപരമായ നീക്കം

കേസന്വേഷണവും വിചാരണയും അട്ടിമറിയ്‌ക്കാനുള്ള ഇറ്റലിയു‌ടെയും പ്രതികളുടെയും നീക്കങ്ങളെല്ലാം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പരാജയപ്പെട്ടതോടെയാണ് അവർ അന്താരാഷ്‌ട്രതലത്തിൽ നീക്കങ്ങൾ നടത്തിയത്. വെടിയുതിർത്തത് കടൽക്കൊള്ളക്കാരെ തടയാനാണെന്നും കപ്പലും ബോട്ടും കൂട്ടിമുട്ടിയതാണെന്നുമുള്ള വാദങ്ങളുമായാണ് ഇറ്റലി ട്രൈബ്യൂണലിലെത്തിയത്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയത് സുപ്രീംകോടതി അംഗീകരിച്ചതാണ്. എന്നാൽ, വിഷയം ഒരു നാവിക തർക്കമായി ചിത്രീകരിച്ചാണ് അന്താരാഷ്‌ട്ര ട്രൈബ്യൂണലിന്റെ മുന്നിൽ എത്തിച്ചത്. അവിടെ കേസ് പരിഗണിക്കണമെങ്കിൽ ഇരുരാജ്യങ്ങളും സമ്മതിക്കണമെന്നാണ് ഉടമ്പടി. എന്തുകൊണ്ട് ഇന്ത്യ അതിന് സമ്മതിച്ചെന്ന ചോദ്യമാണ് ഉത്തരം കിട്ടാതെ അവശേഷിക്കുന്നത്. ഇന്ത്യയുടെ സമ്മതത്തോടെ വിഷയം രാഷ്‌ട്രങ്ങൾ തമ്മിലുള്ള തർക്കമായി മാറി. ഇന്ത്യയിലെ നിയമമനുസരിച്ച് വിചാരണയിലിരിക്കുന്ന നാവികർക്കെതിരെയുള്ള കുറ്റം പുന:പരിശോധിക്കാൻ ട്രൈബ്യൂണലിന് അവകാശമില്ല. ഇരകളുടെ വാദം നോക്കാതെയുള്ള ട്രൈബ്യൂണലിന്റെയും അന്താരാഷ്‌ട്ര കോടതിയുടെയും വിധിയുടെ അടിസ്ഥാനത്തിൽ കേസ് അവസാനിപ്പിക്കാനാവില്ലെന്നായിരുന്നു നിയമവിദഗ്ദ്ധരുടെ വിലയിരുത്തൽ. എന്നാൽ, നഷ്‌ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാൻ കേന്ദ്രസർക്കാർ തന്നെ മുൻകൈയെടുത്തതോടെ കേസ് അവസാനിപ്പിക്കാനായി എന്നതാണ് വസ്‌തുത. രാജ്യത്തെ പരമോന്നത നീതിപീഠം കൊലക്കുറ്റക്കേസിൽ വിചാരണയ്‌ക്ക് അനുമതി നൽകിയ വിദേശികളായ പ്രതികളെ രാജ്യത്തിന് പുറത്തുള്ള ഏതെങ്കിലും കോടതിയുടെ വിധിയുടെ മറവിൽ എങ്ങനെ വിട്ടയയ്‌ക്കാമെന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്. ഇനിയും സമാനമായ സംഭവങ്ങൾ നടന്നാൽ പ്രതികൾക്ക് രക്ഷപ്പെടാനുള്ള ഒരു വഴിയായും ഇത് മാറും. മികച്ച അന്വേഷണം നടത്തിയ ഏജൻസികളാണ് ഇപ്പോൾ നടുക്കടലിലായിരിക്കുന്നത്.

സുപ്രീംകോടതിയുടെ നിരീക്ഷണം

മുമ്പ് ലഭിച്ച 2.17 കോടി രൂപയും ഇപ്പോഴത്തെ പത്തുകോട‌ി രൂപയും അപകടത്തിൽപ്പെട്ടവർക്കുള്ള ന്യായമായ നഷ്‌ടപരിഹാരമാണ്. ബോട്ടുട‌മ, ഇരകളുടെ കുടുംബം, കേന്ദ്ര - സംസ്ഥാന സർക്കാരുകൾ എന്നിവർ നഷ്‌ടപരിഹാര തുക അംഗീകരിച്ചതിനാൽ പ്രതികൾക്കെതിരെ ഇന്ത്യയിലെ നടപടിക്രമങ്ങൾ അവസാനിപ്പിക്കുന്നു.

പൊലീസ് കണ്ടെത്തലുകൾ

കോടതികൾ അംഗീകരിച്ചു

എൻറിക്ക ലെക്‌സി കേസിൽ കേരള പൊലീസിന്റെ കണ്ടെത്തലുകൾ രാജ്യത്തെ പരമോന്നത നീതിപീഠം അംഗീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇറ്റാലിയൻ നാവികർക്കെതിരെ ചുമത്തിയ കൊലക്കുറ്റം നിലനിൽക്കുന്നതാണെന്നും വിചാരണ തുടങ്ങാനും തീരുമാനിച്ചത്. പൊലീസിന്റെ കണ്ടെത്തലുകൾ

രാജ്യാന്തര കോടതിയും അംഗീകരിച്ചു. പിന്നീട് കേസ് ഒത്തുതീർപ്പിലേക്ക് പോയെന്നാണ് മനസിലാക്കുന്നത്. പൊലീസിന്റെ നേരായ അന്വേഷണവും ശക്തമായ തെളിവുകളാണ് ന്യായമായ നഷ്‌ടപരിഹാരം ലഭിക്കാനും ഇടയാക്കിയത്.

എം.ആർ. അജിത്കുമാർ

എ.ഡി.ജി.പി

( അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമ്പോൾ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരുന്നു)