ആലപ്പുഴ : ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നിട്ടും കരകയറാനാവാതെ കിതയ്ക്കുകയാണ് ജലഗതാഗത സർവീസുകൾ. ജില്ലയിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ 50 ശതമാനം സ‌ർവീസുകളാണ് നിലവിൽ പ്രവർത്തിപ്പിക്കുന്നത്. ബാങ്ക് ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളിലെത്തേണ്ടവരാണ് കൂടുതലായും രാവിലത്തെ സർവീസിനെ ആശ്രയിക്കുന്നത്.

കുട്ടനാടിന്റെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരാവുന്ന തരത്തിലാണ് റൂട്ടുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ജലഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു. പ്രതിദിനം മുപ്പതോളം ട്രിപ്പുകളാണ് ആലപ്പുഴ വഴി കടന്നുപോകുന്നത്. ഇതിൽ കോട്ടയം ജില്ലയിലേക്കും കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളായ കാവാലം, കൈനകരി, നെടുമുടി ഉൾപ്പടെ പ്രധാന സ്ഥലങ്ങളിലേക്കും സർവീസുകളുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളുള്ള പ്രദേശത്തെ ജെട്ടികളിൽ ബോട്ടുകൾ അടുപ്പിക്കാറില്ല.

വകുപ്പിന് ഏറ്റവും വരുമാനം നൽകിയിരുന്ന 'വേഗ' സർവീസ് പുനരാരംഭിക്കാത്തതിനാൽ വരുമാനത്തിൽ കാര്യമായ നേട്ടമില്ലാതെയാണ് ബോട്ടുകൾ ഓടുന്നത്. മിക്ക ദിവസങ്ങളിലും 56,000 രൂപയാണ് 'വേഗ ' സർവീസ് വഴിമാത്രം ലഭിച്ചിരുന്നത്. രാവിലത്തെയും വൈകിട്ടത്തെയും ചെറിയ തിരക്കൊഴിച്ചാൽ, ഇടനേരങ്ങളിൽ കാര്യമായ തിരക്കില്ലാതെയാണ് ബോട്ടുകൾ ഓടുന്നത്. സർവീസുകൾ മുടക്കാതെ കണക്ടിവിറ്റി സംവിധാനം നടപ്പാക്കുന്നുണ്ട്. യാത്രക്കാരെ ഒരു ബോട്ടിൽ നിന്ന് മറ്റൊരു ബോട്ടിലേക്ക് കണക്ട് ചെയ്ത് വിടുമ്പോൾ ഡീസൽ ലാഭിക്കാൻ കഴിയും.

................

സർവീസ് സമയം രാവിലെ 7 - വൈകിട്ട് 7

#50 ശതമാനം സർവീസുകൾ

പ്രധാന സർവീസുകൾ നെടുമുടി, പുളിങ്കുന്ന്, കാവാലം, ചങ്ങനാശേരി, കോട്ടയം

..............................

ഇളവുകൾ വന്നെങ്കിലും യാത്രക്കാരുടെ എണ്ണം കാര്യമായി വർദ്ധിച്ചിട്ടില്ല. വേഗയുടെ ഓട്ടം നിർത്തിയപ്പോൾ തന്നെ വരുമാനം പകുതിയായി കുറഞ്ഞു. ബാങ്കിംഗ് ദിനങ്ങളിലാണ് പേരിനെങ്കിലും തിരക്കുള്ളത് - ജലഗതാഗത വകുപ്പ് അധികൃത‌ർ