അരൂർ: വൻ മരം ഒടിഞ്ഞ് ഇലക്ട്രിക്ക് കമ്പിയിൽ വീണ് രണ്ട് വൈദ്യുതി പോസ്റ്റുകൾ തകർന്നു. ആളപായമില്ല. അരൂർ പഞ്ചായത്തിന്റെ 7, 8 വാർഡുകളിലൂടെ കടന്നുപോകുന്ന വട്ടക്കേരി റോഡിന്റെ കുറുകെയാണ് കഴിഞ്ഞ ദിവസം മരം വീണത്. അരൂർ ജാനകി നിലയത്തിൽ ശ്രീനിവാസന്റെ പുരയിടത്തിലെ കുടംപുളി മരമാണ് സമീപത്തെ ഇലക്ട്രിക് ലൈനിലേക്ക് വീണത്. മരത്തിന്റെ മുകൾ ഭാഗം സമീപത്തെ താമസക്കാരനായ ഇടയില വീട്ടിൽ തോമസിന്റെ വീടിന്റെ മുകളിൽ പതിച്ചതിനാൽ വീടിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. മരം വീണതിനെ തുടർന്ന് ഏറെ നേരം റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. 60 വർഷം പ്രായമുള്ള മരത്തിന്റെ കേടുവന്ന അടിഭാഗം രണ്ടായി പിളർന്ന് ഒഴിഞ്ഞു വീഴുകയായിരുന്നു. 35,000 രൂപയുടെ നഷ്ടം ഉണ്ടായതായി കെ.എസ്.ഇ.ബി.അധികൃതർ പറഞ്ഞു. മരം വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു