s

പ്രതി​കരണമുളവാക്കാതെ മോറട്ടോറി​യം ആനുകൂല്യം

ആലപ്പുഴ: സാമ്പത്തി​ക നി​ലയാകെ തകി​ടം മറി​ഞ്ഞ കൊവി​ഡ് കാലത്ത് ആശ്വാസമായി​ ബാങ്കുകൾ ഏർപ്പെടുത്തി​യ മോറട്ടോറി​യം സംവി​ധാനം ഉപഭോക്താക്കളുടെ അവബോധമി​ല്ലായ്മ കാരണം വേണ്ടത്ര പ്രതി​കരണമുളവാക്കുന്നി​ല്ല. രണ്ട് വ‌ർഷം വരെ മൊറട്ടോറിയമോ, വായ്പാ പുനഃക്രമീകരണമോ അനുവദിക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. വരുംദി​വസങ്ങളി​ൽ മോറട്ടോറി​യം ആനുകൂല്യം പ്രയോജനപ്പെടുത്താൻ കൂടുതൽ പേർ എത്തുമെന്ന വി​ലയി​രുത്തലി​ലാണ് ബാങ്ക് അധി​കൃതർ.

ചെറുകിട വ്യവസായ, വ്യാപാര, സേവന മേഖലകൾക്കും ഭവന വായ്പയ്ക്കും വ്യക്തിഗത വായ്പയ്ക്കും വിദ്യാഭ്യാസ വായ്പയ്ക്കും ആനുകൂല്യം ലഭിക്കും. മൊറട്ടോറിയം സംബന്ധിച്ച് പല ബാങ്ക് അധികൃതരും ഉപഭോക്താക്കളെ നേരിട്ട് വിളിച്ചറിയിക്കുന്നുണ്ട്. എന്നാലും പൊതുവിൽ ഉപഭോക്താക്കൾക്ക് ഇതേപ്പറ്റി​ വേണ്ടത്ര ധാരണയി​ല്ലാത്തതാണ് പ്രശ്നം.

കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ എല്ലാ വായ്പകൾക്കും അപേക്ഷ നൽകാതെ തന്നെ 6 മാസത്തെ മൊറട്ടോറിയം നൽകിയിരുന്നു. എന്നാൽ ഇത്തവണ വായ്പയെടുത്ത വ്യക്തി ബ്രാഞ്ചിനെ സമീപിച്ച് അപേക്ഷ നൽകണം. കൊവിഡ് രണ്ടാം ഘട്ടത്തിൽ വരുമാനം കുറഞ്ഞതിനാൽ വായ്പ തിരിച്ചടയ്ക്കാൻ കഴിവില്ലെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. വരുമാനത്തെ ബാധിച്ചിട്ടില്ലാത്ത സ‌ർക്കാർ ജീവനക്കാരുൾപ്പടെയുള്ള വിഭാഗക്കാ‌ർക്ക് ആനുകൂല്യം ലഭിക്കില്ല. ഓരോ അക്കൗണ്ടും പരിശോധിച്ച് അർഹത നിർണയിച്ച ശേഷമാണ് മോറട്ടോറിയം നൽകുന്നത്. ചില ബാങ്കുകൾ വെബ്സൈറ്റ് വഴി അപേക്ഷിക്കാൻ സൗകര്യം നൽകുന്നുണ്ട്. വരുമാനം നിലച്ചതോടെ വായ്പാ തിരിച്ചടവിന് നട്ടം തിരിഞ്ഞ വ്യാപാരികളും ഭവന വായ്പക്കാരുമാണ് പുന:ക്രമീകരണത്തിനായി ബാങ്കുകളെ സമീപിക്കുന്നവരിലേറെയും.

...........

.............

സമർപ്പിക്കേണ്ട രേഖകൾ

അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, ജി.എസ്.ടി റിട്ടേൺ,

ജോലി നഷ്ടപ്പെട്ടതിന്റെ രേഖ മുതലായവ

.................

പ്രതിസന്ധി കാലത്ത് മോറട്ടോറിയം താത്കാലിക ആശ്വാസമാണ്. പലിശയും കുടിശികയും ചേർത്ത് കടബാദ്ധ്യത കൂടുന്നു എന്ന വലിയ പ്രതിസന്ധി ഇതിന് പിന്നിലുണ്ട്. പക്ഷേ ഈ പ്രതിസന്ധി കാലത്ത് ചെറിയ തുകയെങ്കിലും അടച്ച് ബാങ്കിന്റെ ശല്യത്തിൽ നിന്നൊഴിവാകാനെ ഭൂരിഭാഗം പേരും ശ്രമിക്കൂ.

പ്രതീഷ് പോൾ, ഉപഭോക്താവ്

രേഖകൾ പൂർണമായി പരിശോധിച്ച് അർഹർക്ക് മാത്രമേ മോറട്ടോറിയം അനുവദിക്കാൻ സാധിക്കൂ. അതിനാലാണ് പലർക്കും ആനുകൂല്യ ലഭിച്ചില്ലെന്ന് പരാതി വരുന്നത്. വായ്പയെടുത്തവരിൽ പലരും പുതിയ മോറട്ടോറിയത്തെക്കുറിച്ച് അറിഞ്ഞ് വരുന്നതേയുള്ളൂ. വരും ദിവസങ്ങളിൽ കൂടുതൽ അപേക്ഷകരെത്തിയേക്കും.

ബാങ്ക് അധികൃതർ