ambala
ജാക്സൺ മാത്യു ആൽബിനൊപ്പം

അമ്പലപ്പുഴ: മാനസിക വിഭ്രാന്തിയെ തുടർന്ന് ഏകനായി അലഞ്ഞ വാടയ്ക്കൽ തോട്ടുങ്കൽ വീട്ടിൽ ജാക്സണ് (40) പുന്നപ്ര ശാന്തിഭവനിൽ അഭയം. പുന്നപ്ര സെന്റ് ജോൺ മരിയ വിയാനി ഇടവക വികാരി ഫാ.എഡ്വേർഡ് പുത്തൻപുരയ്ക്കലിന്റെ ഇടപെടലാണ് ജാക്സണ് താങ്ങായത്.

വൃദ്ധമാതാവ് തേക്കില രണ്ടാഴ്ച മുമ്പാണ് കടുത്ത പനിയെത്തുടർന്ന് മരിച്ചത്. അവിവാഹിതനായ ജാക്സണിന്റെ മനോനില ഇതോടെ കൂടുതൽ വഷളായി. മുടിയും താടിയും വളർന്ന് വല്ലാത്ത അവസ്ഥയിലെത്തി. ഭക്ഷണം ഒഴിവാക്കിയതോടെ തീർത്തും അവശനായി. ദയനീയാവസ്ഥ ബന്ധുക്കൾ മുഖേന അറിഞ്ഞ ഫാ.എഡ്വേർഡ് പുന്നപ്ര ശാന്തിഭവനിൽ എത്തിക്കാൻ ഏർപ്പാടാക്കി. തുടർന്ന് ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ജാക്സണെ ഏറ്റെടുക്കുകയായിരുന്നു. 180 ഓളം അന്തേവാസികളാണ് ശാന്തിഭവനിലുള്ളത്.