ആലപ്പുഴ: കൂനിൻമേൽ കുരുവെന്നപോലെ സംസ്ഥാനത്ത് കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്തതോടെ ആശങ്ക ഇരമ്പുന്നു. മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിച്ചേക്കാമെന്ന മുന്നറിയിപ്പ് നേരത്തേതന്നെ വന്നിരുന്നു. ഡെൽറ്റ പ്ലസ് കൂടുതൽ മാറ്റങ്ങൾക്ക് വിധേയമാകുന്നത് ഭീഷണിയാണെന്ന് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഉൾപ്പടെയുള്ള ആരോഗ്യവിദഗ്ദ്ധർ സൂചിപ്പിച്ചിട്ടുണ്ട്.
ഡെൽറ്റ പ്ലസ് കെ 417 എൻ എന്ന് വിളിക്കപ്പെടുന്ന പുതിയ പരിവർത്തനത്തിന് വിധേയമാകുമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മോണോക്ലോണൽ ആന്റിബോഡി കോക്ക്ടെയിലിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് ഡെൽറ്റ പ്ലസ് വകഭേദമെന്നും റിപ്പോർട്ടുകളുണ്ട്. സാധാരണ വൈറസ് ബാധിതനായ വ്യക്തിക്ക് മൂന്ന് പേരിലേക്ക് രോഗം വ്യാപിപ്പിക്കാൻ സാധിക്കുമെങ്കിൽ, ഡെൽറ്റ വകഭേദമുള്ളയാൾക്ക് അഞ്ച് മുതൽ പത്ത് പേരിലേക്ക് വരെ വ്യാപനം സാദ്ധ്യമാണ്. രണ്ടാം തരംഗത്തെ ഇത്രമേൽ രൂക്ഷമാക്കിയത് ഡെൽറ്റ വകഭേദമാണെന്നാണ് വിദഗ്ദ്ധരുടെ നിഗമനം. വീണ്ടും പരിണാമം സംഭവിച്ച് ഡെൽറ്റ പ്ലസ് വ്യാപകമായാൽ സ്ഥിതി ഗുരുതരമായേക്കും. കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലെ രോഗവ്യാപന നിരക്കിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നതിനിടെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെടുന്നതാണ് ജനങ്ങൾക്കിടയിൽ ഭയം വർദ്ധിപ്പിക്കുന്നത്.
............................................
മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഡെൽറ്റാ പ്ലസ് കൂടുതൽ അപകടകാരിയാണെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. ലക്ഷണങ്ങൾ സമാനമായതിനാൽ വകഭേദത്തെ തിരിച്ചറിയപ്പെടാതെ പോയേക്കാം. അതിനാൽ അതീവ ജാഗ്രത പുലർത്തണം
ആരോഗ്യപ്രവർത്തകർ