ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ ശാഖയോഗങ്ങളിലെ സ്മാർട്ട്‌ ഫോൺ ഇല്ലാത്തതുമൂലം ഓൺ​ലൈൻ പഠനത്തിന് ബുദ്ധിമുട്ടുള്ള നിർദ്ധന വിദ്യാർത്ഥികളെ കണ്ടെത്തി ജനറൽ സെക്രട്ടറിയുടെ ഗുരു കാരുണ്യം പദ്ധതിയുടെ ഭാഗമായി സ്മാർട്ട്‌ ഫോൺ നൽകുന്നതിന് യൂണിയൻ കൗൺസിൽ തീരുമാനിച്ചു. കൊവിഡിന്റെ ഒന്നാം തരംഗത്തിൽ പെട്ടു ബുദ്ധിമുട്ട് അനുഭവിച്ച ശാഖാംഗങ്ങൾക്കായി​ എട്ടു ലക്ഷം രൂപ നേരത്തെ വിതരണം ചെയ്തിരുന്നു. കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ യൂണിയൻ പരി​ധിയിൽ വരുന്ന ധാരാളം നിർദ്ധന വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോണിന്റെ അഭാവത്തിൽ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥ വിലയിരുത്തിയാണ് യൂണിയൻ കൗൺസിൽ യൂണിയൻ പരിധിയിലെ അറുപത്തിമൂന്ന് ശാഖ യോഗങ്ങളിലെയും നിർധന വിദ്യാർത്ഥികളെ കണ്ടെത്തി സ്മാർട്ട്‌ ഫോൺ നൽകുന്നതിനു തീരുമാനിച്ചത്. യൂണിയൻ പ്രസിഡന്റ്‌ കെ.അശോകപണിക്കർ അദ്ധ്യക്ഷനായി. സെക്രട്ടറി അഡ്വ. ആർ.രാജേഷ്ചന്ദ്രൻ, വൈസ് പ്രസിഡന്റ്‌ എം. സോമൻ, യോഗം ഇൻസ്‌പെക്ടിങ് ഓഫീസർ സി.സുഭാഷ്, യോഗം ഡയറക്ടർ പ്രൊഫ. സി. എം ലോഹിതൻ, യൂണിയൻ കൗൺസിലർമാരായ പി.ശ്രീധരൻ, ടി.മുരളി, ദിനു വാലുപറമ്പിൽ, പി. എസ് അശോക് കുമാർ, ഡി.ഷിബു എന്നിവർ സംസാരിച്ചു.