ഹരിപ്പാട്: പച്ച തേങ്ങ കൃഷിഭവനുകൾ മുഖേന സംഭരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷി മന്ത്രി പി. പ്രസാദിന് രമേശ് ചെന്നിത്തല കത്ത് നൽകി. കേരളത്തിൽ തേങ്ങയ്ക്കും എണ്ണ അടക്കമുള്ള കേരോൽപ്പന്നങ്ങൾക്കും വലിയ തോതിൽ വില വർദ്ധിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രയോജനം കേരകർഷകർക്ക് പൂർണമായും ലഭിക്കുന്നില്ലെന്ന ആക്ഷേപം നിലവിലുണ്ട്. ഇടത്തട്ടുകാരെ ഒഴിവാക്കി വിലവർദ്ധനവിന്റെ പ്രയോജനം പൂർണമായും കേരകർഷകർക്ക് ലഭിക്കുന്നതിന് സർക്കാരിന്റെ ഭാഗത്ത് നിന്നും ഇടപെടൽ ആവശ്യമാണ്. മുൻപ് കേരകർഷകർ ഉത്പാദിപ്പിക്കുന്ന പച്ച തേങ്ങ കൃഷിഭവനുകൾ മുഖേന സംഭരിക്കുന്ന രീതി ഉണ്ടായിരുന്നു. എന്നാർ 2017ൽ ഇത് നിറുത്തലാക്കി. ഇടത്തട്ടുകാരുടെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും ഇത് സഹായകരമായിരുന്നു. കത്തിൽ രമേശ് ചെന്നിത്തല പറയുന്നു.