തുറവൂർ: പട്ടണക്കാട് സെന്റ് ജോസഫ് പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നുവെന്നാരോപിച്ച് സ്കൂൾ അങ്കണത്തിൽ രക്ഷാകർത്താക്കൾ പ്രതിഷേധിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
കൊവിഡ് കാലയളവിൽ ഫീസ് അടയ്ക്കാത്ത കുട്ടികൾക്ക് സർക്കാരും കോടതികളും ഉറപ്പ് നൽകിയ വിദ്യാഭ്യാസ അവകാശത്തെ നിഷേധിച്ചാണ് കുട്ടികൾക്ക് യു.കെ.ജിയിൽ നിന്നു ഒന്നാം ക്ലാസിലേക്കു സ്ഥാനക്കയറ്റം നൽകാത്തത്. വില നൽകാൻ തയ്യാറായിട്ടുപോലും പാഠ പുസ്തകങ്ങൾ നൽകില്ലെന്ന സ്കൂൾ മാനേജ്മെൻറിന്റെ നിലപാട് മൂലം കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെട്ടിരിക്കുകയാണെന്നും അമിത ഫീസ് വാങ്ങി നിലവാരമില്ലാത്ത ഓൺലൈൻ ക്ലാസുകളാണ് നടത്തുന്നതെന്നും രക്ഷാകർത്താക്കൾ ആരോപിച്ചു. സ്കൂൾ അധികൃതരും സമരക്കാരും തമ്മിലുണ്ടായ വാക്കേറ്റം നേരിയ സംഘർഷത്തിൽ കലാശിച്ചു. പട്ടണക്കാട് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്.