പ്രഖ്യാപനങ്ങളിലൊതുങ്ങിയ ആധുനിക അറവുശാല
ആലപ്പുഴ: മാറിമാറി വന്ന നഗരസഭാ കൗൺസിലുകൾ പ്രഖ്യാപനം നടത്തിയ ശേഷം ചെറുവിരലനക്കാതിരുന്നതോടെ ആലപ്പുഴ നഗരസഭയിൽ ആധുനിക അറവുശാല ബോർഡിൽ മാത്രം ഒതുങ്ങി. ആധുനിക അറവുശാലയ്ക്കായി നിർമ്മിച്ച കെട്ടിടത്തിന്റെ കോമ്പൗണ്ടിൽ ഇപ്പോവ നടക്കുന്നത് നഗരത്തിൽ നിന്നു ശേഖരിക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങളുടെ വേർതിരിക്കൽ.
നഗരത്തിലെ അറവ് മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് 2009ൽ വഴിച്ചേരിയിൽ അറവുശാല നിർമ്മിച്ചത്. അറവുമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ സ്വീകരിച്ച പദ്ധതികൾ പരാജയപ്പെട്ടതോടെ ഈ അറവുശാല അടച്ചു പൂട്ടേണ്ടി വന്നു. തുടർന്ന് നഗരത്തിൽ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങൾ സംഭരിക്കാനുള്ള സ്ഥലമായി മാറി. ആധുനിക അറവുശാല ഇല്ലാത്ത നഗരമെന്ന പേരുദോഷം ഇല്ലാതാക്കാൻ വഴിച്ചേരിയിൽ തന്നെ അറവുശാല സ്ഥാപിക്കാൻ 12വർഷത്തിനുള്ളിൽ നഗരസഭയിൽ ഭരണം നടത്തിയ ഇടത്,വലതു മുന്നണികൾ കാര്യമായ ഇടപെടൽ നടത്തിയില്ല. ഇപ്പോഴത്തെ കൗൺസിലിലാണ് ഇനി നഗരവാസികളുടെ പ്രതീക്ഷ.
. കിഫ്ബി വഴി പുതിയ അറവുശാല നിർമ്മിക്കാൻ പദ്ധതിയിട്ടെങ്കിലും പരിസ്ഥിതി മലിനികരണ നിയന്ത്രണബോർഡിന്റെയും മനുഷ്യാവകാശ കമ്മിഷന്റെയും ഇടപെടൽ കാരണം പദ്ധതി മുടങ്ങി. പുതിയ അറവുശാല നിർമ്മിക്കാൻ കഴിഞ്ഞ കൗൺസിലിന്റെ അവസാനയോഗം തീരുമാനം എടുത്തിരുന്നു. പറമ്പുകളിലും മറ്റുമാണ് ഇപ്പോൾ നഗരത്തിൽ മാടുകളെ കശാപ്പ് ചെയ്യുന്നത്.
2009 : ആധുനിക അറവുശാല 2009ൽ സ്ഥാപിച്ചെങ്കിലും അധിക നാൾ കഴിയും മുമ്പേ പൂട്ടുവീണു
അറവുശാലയ്ക്ക് പൂട്ടുവീണത് ഇങ്ങനെ
50 കാലികളെ കശാപ്പ് ചെയ്യാനും മാലിന്യം സംസ്‌കരിക്കാനുമുള്ള സൗകര്യമാണ് ആധുനിക അറവുശാലയിൽ ഒരുക്കിയത്. ദിവസേന 150 കാലികളെ വരെ കശാപ്പ് ചെയ്യാൻ തുടങ്ങിയതോടെയാണ് പ്രതിസന്ധിക്ക് തുടക്കം. പ്രശ്നം പരിഹരിക്കുന്നതിന് കാൽ ലക്ഷം രൂപ മുടക്കി മറ്റൊരു സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചെങ്കിലും അതും പ്രവർത്തനരഹിതമായി. കശാപ്പ് മാലിന്യം ശേഖരിക്കാനും സംഭരിക്കാനും ആവശ്യമായ സ്ഥല സൗകര്യം ഇല്ലായിരുന്നു. വെറ്ററിനറി സർജൻമാരുടെ സേവനവും ഉണ്ടായില്ല. അറവുശാല നിർമ്മാണത്തിൽ അഴിമതി ആരോപണം ഉയർന്നതോടെ ഇതിന്റെ ഫയൽ നഗരസഭയിൽ നിന്ന് കാണാതായതും വിവാദമായിരുന്നു. ഇതിൽ ഇപ്പോൾ വിജിലൻസ് അന്വേഷണം നടക്കുകയാണ്.
കശാപ്പ് മുറപോലെ
അറവുശാലയില്ലാത്ത നഗരങ്ങളിൽ ഇറച്ചി വ്യാപാരം നടത്തരുതെന്ന സുപ്രീം കോടതി ഉത്തരവുണ്ടെങ്കിലും ആലപ്പുഴ നഗരത്തിൽ ഇതൊന്നും പാലിക്കപ്പെടുന്നില്ല. അറവുശാല പൂട്ടിയിട്ട് 12വർഷം കഴിഞ്ഞെങ്കിലും നഗരത്തിൽ ഇറച്ചി വ്യാപാരം മുറപോലെ നടക്കുന്നു. ഇറച്ചിക്കടയുടെ സമീപത്ത് യാതൊരു പരിശോധനയും കൂടാതെ മൃഗങ്ങളെ കശാപ്പു ചെയ്യുകയാണ് പതിവ്. നിരവധി അനധികൃത അറവുശാലകളാണ് നഗരത്തിൽ പ്രവർത്തിക്കുന്നത്.