s

പീഡനമനുഭവിക്കുന്ന സ്ത്രീകൾക്ക് ഉഴൻ പരാതി അറിയിക്കാം

ആലപ്പുഴ: വർദ്ധിച്ചു വരുന്ന ഗാർഹിക പീഡന കേസുകൾക്ക് തടയിടാനായി പദ്ധതികൾ ആവിഷ്ക്കരിച്ചെങ്കിലും ജില്ലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾക്ക് കുറവില്ല. ചൊവ്വാഴ്ച മാത്രം രണ്ട് യുവതികളാണ് ഭർതൃഗൃഹത്തിൽ ജീവനൊട‌ുക്കിയത്. സ്ത്രീകൾക്ക് പരാതികൾ അറിയിക്കുന്നതിനായി കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ 'അപരാജിത ഈസ് ഓൺലൈൻ' എന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കമായിരുന്നു. എന്നാൽ പ്രശ്നങ്ങൾ തുറന്നു പറയാൻ പലരും മടിക്കുന്നതിനാൽ പരാതിയുമായി സമീപിക്കുന്നവർ കുറവാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

സ്ത്രീകളും കുട്ടികളും ഭിന്നശേഷിക്കാരും നിരന്തരം പീഡനത്തിന് വിധേയരാകുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ 'അപരാജിത" എന്ന സംവിധാനം ആരംഭിച്ചത്.

അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് പരിഹാരമാർഗം തേടുന്നതിനായി പ്രവർത്തിക്കുന്ന വിവിധ സംവിധാനങ്ങളെ ഏകോപിപ്പിച്ചാണ് പ്രവർത്തനം. വനിതാ സെൽ ഇൻസ്പെക്ടറുടെ മേൽനോട്ടത്തിൽ, വനിതാ ശിശുവികസന വകുപ്പിലെ കൗൺസിലർ, ലീഗൽ സർവീസ് സൊസൈറ്റി അംഗം, സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പ്രതിനിധി, സ്റ്റുഡന്റ് പൊലീസ് കേഡറ്റുമാർ, ജനമൈത്രി ബീറ്റ് ഓഫീസർമാർ എന്നിവരടങ്ങിയ സംഘമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ബോധവത്കരണ ക്ലാസുകൾ, സ്വയം പ്രതിരോധം, നിയമസഹായം, കൗൺസിലിംഗ് തുടങ്ങിയ സേവനങ്ങളും ലഭ്യമാകും. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ നൽകാം.

പരാതികൾ അറിയിക്കാൻ

അപരാജിത : 9497996992,aparajitha.pol@kerala.gov.in

സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂം : 9497900999, 9497900286

ജില്ലാ വനിതാ സെൽ: ഫോൺ- 0477 2237848,ciwmncelalpy.pol-ker.gov.in

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ.നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസറായി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ എസ്.ഐ നിശാന്തിനിയെ സഹായിക്കും. 9497999955 എന്ന നമ്പരിൽ ഇന്ന് മുതൽ പരാതികൾ നൽകാം.

എല്ലാ ജില്ലകളിലും ഡൊമസ്റ്റിക്ക് സൊല്യൂഷൻ സെന്റർ

പരാതികളിൽ അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

പരാതികൾ ഓൺലൈൻ സംവിധാനത്തിലൂടെ നേരിട്ട് കേൾക്കും

 കൺട്രോൾ റൂമിൽ 24 മണിക്കൂറും പരാതി അറിയിക്കാം

ജില്ലയിൽ കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്ത കേസുകൾ

ബലാത്സംഗം : 106

ഉപദ്രവിക്കൽ : 267

തട്ടിക്കൊണ്ടുപോകൽ : 11

പെൺകുട്ടികളെ ശല്യം ചെയ്യൽ :22

സ്ത്രീധന പീഡന മരണം - 1

ഗാർഹിക പീ‌‌ഡനം : 95

പരാതികൾ തുറന്നു പറയാൻ മടിക്കുന്നവരാണ് ഏറെയും. ആരോടും വെളിപ്പെടുത്താതെ പ്രയാസങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്നതാണ് പലപ്പോഴും ആത്മഹത്യയിലേക്ക് നയിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായുള്ള അതിക്രമങ്ങൾ തടയുന്നതിന് ശക്തമായ നിയമസംവിധാനം നിലവിലുണ്ട്

- അപരാജിത അധികൃതർ