കൊവിഡിൽ സഹ. ബാങ്കുകൾ നട്ടംതിരിയുന്നു
ആലപ്പുഴ: കൊവിഡ് പ്രതിസന്ധി വിട്ടൊഴിയാെതെ നിൽക്കവേ, ബാദ്ധ്യതയിലേക്ക് നീങ്ങുകയാണ് സംസ്ഥാനത്തെ സഹകരണബാങ്കുകൾ. ലോൺ തിരിച്ചടവ് നിലച്ചതിനാൽ ഉപഭോക്താക്കളുടെ കുടിശിക നാൾക്കുനാൾ കുമിഞ്ഞുകൂടുന്നതാണ് പ്രധാന തിരിച്ചടി.
നിക്ഷേപകർക്ക് മുടക്കമില്ലാതെ പലിശയും ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകേണ്ടതുണ്ട്.
വരവില്ലാതെ ചിലവ് മാത്രമായി കണക്കുപുസ്തകത്തിലെ താളുകൾ മറിയുമ്പോൾ കോടികളുടെ ബാദ്ധ്യതയിലേക്കാണ് സഹകരണ സ്ഥാപനങ്ങൾ നീങ്ങുന്നത്. മോറട്ടോറിയം എന്ന താത്കാലികാശ്വാസത്തിന്റെ പേരിൽ, പണം അടയ്ക്കാൻ മാർഗമുള്ളവർ പോലും ലോൺ അടവിൽ നിന്ന് പിന്നോട്ടു വലിയുന്നുണ്ട്. സർക്കാർ പ്രഖ്യാപിക്കുന്ന ഒറ്റത്തവണ തീർപ്പാക്കലിന്റെ ഗുണം ലഭിക്കുന്നതിനു വേണ്ടി മനപ്പൂർവം കുടിശിക അടയ്ക്കാതെ നീട്ടിക്കൊണ്ടുപോകുന്നവരുണ്ടെന്നും ബാങ്ക് അധികൃതർ പറയുന്നു.
നിക്ഷേപത്തിന്റെ 25 ശതമാനം വരെ കുടിശിക അനുവദനീയമാണെങ്കിലും അതിനപ്പുറത്തേക്ക് നീളുന്നതോടെ ബാങ്കിന്റെ ക്ലാസിഫിക്കേഷൻ തരംതാഴ്ത്തപ്പെടും. ഇത് ജീവനക്കാരുടെ എണ്ണത്തിലും ശമ്പളത്തിലും പ്രതിഫലിക്കും. പലിശ ഇളവടക്കമുള്ള പ്രഖ്യാപനങ്ങൾ വരുമ്പോൾ, ബാങ്കുകളുടെ നിലനിൽപ്പിന് വേണ്ടി 25 ശതമാനം സർക്കാർ സഹായമെങ്കിലും ലഭ്യമാക്കണമെന്നും ബാങ്ക് അധികൃതർ ആവശ്യപ്പെടുന്നു.
സഹായിച്ചും തളരുന്നു!
ദുരിതാശ്വാസ നിധികളിലേക്കുള്ള സംഭാവന, ഓൺലൈൻ പഠനത്തിനുള്ള സഹായം, ഫലവൃക്ഷ വിതരണം അടക്കം സർക്കാർ ചുമതലപ്പെടുത്തുന്ന പല ചുമതലകളും സഹകരണ സംഘങ്ങൾ ഏറ്റെടുക്കേണ്ടി വരും. സാമൂഹിക സേവനമാണെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ സഹ. ബാങ്കുകൾക്ക് ഇത് ബാദ്ധ്യതയാണ്. എന്നാൽ ജനകീയ ഇടപെടലിന്റെ ഭാഗമായി സന്നദ്ധ പ്രവർത്തനങ്ങൾ ഉപേക്ഷിക്കാനുമാവില്ല.
................................
വരവില്ലാതെ ചെലവ് മാത്രമായാണ് സഹകരണ ബാങ്കുകളുടെ നിലവിലെ പ്രവർത്തനം. വിവിധ കിഴിവുകൾ പ്രഖ്യാപിക്കുമ്പോൾ, 25 ശതമാനം സഹായമെങ്കിലും സർക്കാർ നൽകിയാൽ ബാങ്കുകളുടെ നിലനിൽപ്പിന് സഹായകമാകും
കെ.ആർ.രാജേന്ദ്രപ്രസാദ്, സഹകരണ ജനാധിപത്യ വേദി സംസ്ഥാന നിർവാഹക സമിതി അംഗം