ചാരുംമൂട്: താമരക്കുളം വി.വി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ പൗർണ്ണമിയും പാർവ്വതിയും പവിത്രയും സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിലേക്ക് ഒരു പടികൂടി അടുത്തു. ഇവർക്ക് വീട് വയ്ക്കാനായി നാല് സെന്റ് സ്ഥലം വള്ളികുന്നം ഇലിപ്പക്കുളങ്ങര വൈശാഖത്തിൽ പി.വേലായുധൻ നായർ സൗജന്യമായി നൽകി.
കൊവിഡിന്റെ ആദ്യ തരംഗത്തിലാണ് പൗർണ്ണമിക്കും കുടുംബത്തിനും സ്വന്തമായി വീടില്ലെന്ന വാർത്ത പുറംലോകമറിഞ്ഞത്. കഴിഞ്ഞ നാല്പത് വർഷമായി തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കൂടിയേറിയ കുടുംബമാണ് ഇവരുടേത്. പിതാവ് ചെല്ലയ്യയും മാതാവ് അന്ന ലക്ഷ്മിയും കൂലിവേല എടുത്താണ് ഇത്രയും കാലം വാടക വീടുകളിൽ മാറി മാറി താമസിച്ചത്. സ്കൂളിലെ അധ്യാപകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ സുഗതൻ , പി.ടി.എ പ്രസിഡന്റ് എം.എസ് സലാമത്ത് എന്നിവരാണ് കൊച്ചാലുംമൂട്ടിലെ എസ്റ്റേറ്റിൽ കെട്ടുറുപ്പില്ലാത്ത ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന
കുട്ടികളുടെ ദയനീയ സ്ഥിതി പുറത്തുകൊണ്ടു വന്നത്. കുട്ടികളുടെ ദുരവസ്ഥ അറിഞ്ഞ തഴക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷിന്റെയും ആലപ്പുഴ ശിശുക്ഷേമ സമിതിയുടെയും നേതൃത്വത്തിൽ തഴക്കര പഞ്ചായത്തിലെ ഒരു വാടക വീട്ടിൽ ഇവരെ താമസിപ്പിച്ചു . കുട്ടികളുടെ ഈ അവസ്ഥ മാദ്ധ്യമ വാർത്തകളിലൂടെ ശ്രദ്ധയിൽപ്പെട്ട പി.വേലായുധൻ നായർ ഇവർക്ക് നൂറനാട് പഞ്ചായത്തിൽ നാലു സെന്റ് വസ്തു സൗജന്യമായി കൊടുക്കാൻ തീരുമാനിച്ചു. വേലായുധൻ നായർ ഇതിന് മുൻപും 7 കുടുംബങ്ങൾക്ക് വീട് വെയ്ക്കുവാനുള്ള ഭൂമി സൗജന്യമായി കൊടുത്തിരുന്നു.
കൊവിഡ് മാനദണ്ഡ പ്രകാരം താമരക്കുളം വി.വി.എച്ച്.എസ് എസിൽ നടന്ന ഭൂമിദാന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എം.എസ് സലാമത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭുമി സൗജന്യമായി നൽകിയ വേലായുധൻ നായരെ ആദരിച്ചു.
. സ്കൂൾ മാനേജർ പി രാജേശ്വരി മുഖ്യ പ്രഭാഷണം നടത്തി. ഈ കുടുംബത്തിന് സുരക്ഷിത ഭവനത്തിനുവേണ്ടി നിരന്തര പരിശ്രമം നടത്തുന്ന എൽ. സുഗതനെ സ്കൂൾ മാനേജർ ആദരിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജി വേണു, കെ ആർ അനിൽകുമാർ, ഷീബ സതീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിതാ തോമസ്, രാധാകൃഷ്ണൻ, പ്രിൻസിപ്പൽ ജിജി എച്ച്. നായർ, ഹെഡ്മിസ്ട്രസ് സുനിത ഡി. പിള്ള, എ.എൻ ശിവപ്രസാദ്, വിശ്രുതൻ ആചാരി , സ്റ്റാഫ് സെക്രട്ടറി സി.എസ് ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.