അപകടത്തിൽപ്പെട്ടത് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ കുടുംബം സഞ്ചരിച്ച വാഹനം
ചേർത്തല :എതിരെ വന്ന വാഹനമിടിച്ച് നിയന്ത്രണം വിട്ട ഒമ്നിവാൻ, നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ച് വാനോടിച്ചിരുന്നയാൾ മരിച്ചു. ഭാര്യയും സഹോദരനും ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. കൊല്ലം മുണ്ടയ്ക്കൽ പ്രകാശ് നിവാസിൽ ഭാർഗവന്റെ മകൻ പ്രസാദ്(വാവച്ചി-50)ആണ് മരിച്ചത്. വാനിലുണ്ടായിരുന്ന സഹോദരൻ പ്രദീപ്(52), ഭാര്യ ബിന്ദു, മരിച്ച പ്രസാദിന്റെ ഭാര്യ സുനിത, സഹോദര ഭാര്യ റീന എന്നിവർക്കാണ് പരിക്കേറ്റത്. നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ പ്രദീപ് ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെ ദേശീയ പാതയിൽ മതിലകം ആശുപത്രിക്ക് തെക്ക് ഭാഗത്തായിരുന്നു അപകടം. മരിച്ച പ്രസാദിന്റെ സഹോദരൻ പ്രകാശിന്റെ മകളുടെ ഭർത്താവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ആലുവയിൽ പോയതായിരുന്നു കുടുംബം. മരിച്ച പ്രസാദ് പെയിന്ററാണ്. മക്കൾ:ശ്രുതി, ഗയ. പാേസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹേം ബന്ധുക്കൾക്ക് വിട്ടുനൽകി. മാരാരിക്കുളം പൊലീസ് കേസെടുത്തു.