ചേർത്തല: കൊവിഡ് ബാധിത കുടുംബത്തിലെ വിദ്യാർത്ഥി വളർത്തിയിരുന്ന 30 പ്രാവുകളെ സാമൂഹ്യവിരുദ്ധർ കഴുത്തുഞെരിച്ചു കൊന്നതായി പരാതി.
മരുത്തോർവട്ടം പാനേഴത്തുവെളി ബെന്നിയുടെ വീട്ടിലെ പ്രാവുകളെയാണ് കൊന്നത്. ബെന്നിയുടെ മകൻ ആറാം ക്ലാസ് വിദ്യാർത്ഥി ക്രിസ്റ്റി ദേവസ്യയാണ് പ്രാവുകളെ വളർത്തിയിരുന്നത്. കഴിഞ്ഞ 3 നാണ് വീട്ടുകാർ സംഭവം അറിയുന്നത്. കഴിഞ്ഞ 2 ന് ബെന്നിയുടെ പിതാവ് ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ബെന്നിയുമായി ചേർത്തല ആശുപത്രിയിലേക്കു മാറി. 3 ന് രാവിലെ പതിവുപോലെ വീട്ടുകാർ കൂട് നോക്കിയപ്പോഴാണ് കൂടിന്റെ വാതിൽ തുറന്ന് നശിപ്പിച്ച നിലയിലും
പ്രാവുകളെയെല്ലാം കഴുത്തുഞെരിച്ചു കൊന്ന നിലയിലും കണ്ടെത്തിയത്. വീട്ടുകാർ കൊവിഡ് നിരീക്ഷണത്തിൽ ആയിരുന്നതിനാൽ പരാതിപ്പെട്ടില്ല. 10 ന് ജോസഫ് മരിച്ചു. ബെന്നിയുടെ രണ്ടു മക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് എല്ലാവരും നെഗറ്റീവായതും നിരീക്ഷണം അവസാനിച്ചതും. സംഭവം സംബന്ധിച്ച് മുഹമ്മ പൊലീസിൽ പരാതി നൽകി. ഒന്നിന് 5000 രൂപ വരെ വിലയുള്ള പ്രാവുകളായിരുന്നു. തന്നോടു വ്യക്തിവൈരാഗ്യമുള്ള ആളുടെ പേര് പരാതിയിൽ പരാമർശിച്ചതായി ബെന്നി പറഞ്ഞു. സേവാഭാരതി പ്രവർത്തകർ ഇന്നലെ നാല് പ്രാവുകളെ ബെന്നിക്ക് നൽകി.
സംഭവത്തിനു പിന്നിൽ വിരോധം: വെള്ളിയാകുളം
ക്രിസ്റ്റിയുടെ കുടുംബത്തെ ബി.ജെ.പി സംരക്ഷിക്കുമെന്ന് ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ. സേവാഭാരതിയുമായി സഹകരിച്ചതിനാണ് ക്രിസ്റ്റിയുടെ പ്രാവുകളെ സി.പി.എമ്മുകാർ കഴുത്ത് ഞെരിച്ച് കൊന്നത്. പാർട്ടി അനുഭാവികളായിരുന്ന കുടുംബം കൊവിഡ് പിടിപെട്ട് നിരീക്ഷണത്തിലായതിനെ തുടർന്നാണ് സേവാഭാരതി ഇവർക്ക് ഭക്ഷണം എത്തിച്ചത്. ഇതിൽ അസഹിഷ്ണുത പൂണ്ടവരാണ് അക്രമത്തിന് പിന്നിൽ. അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വെള്ളിയാകുളം പരമേശ്വരൻ ആവശ്യപ്പെട്ടു.