മാർക്കറ്റിൽ രാസവസ്തു കലർന്ന മത്സ്യം ഏറുന്നു
ആലപ്പുഴ : കേരള തീരത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യം കൂടുതലായി സംസ്ഥാനത്തേയ്ക്ക് എത്തുകയാണ്. വൻതോതിൽ രാസവസ്തുക്കൾ കലർത്തിയ മത്സ്യമാണ് ഇത്തരത്തിൽ എത്തുന്നതെന്നാണ് ആക്ഷേപമുയരുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് 'ഓപ്പറേഷൻ സാഗർ റാണി' എന്ന പേരിൽ മാർക്കറ്റുകളിൽ പരിശോധന ശക്തമാക്കിയെങ്കിലും രാസവസ്തുകലർത്തിയ മത്സ്യം മാക്കറ്റുകളിലെത്തുന്നത് തടയാൻ ഈ പരിശോധനകൾ മതിയാകുമോ എന്ന ആശങ്ക നിലനിൽക്കുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും മായംചേർത്ത മത്സ്യ വില്പന തടയാൻ കാര്യമായ പരിശോധനകൾ നടത്തുന്നില്ലെന്ന പരാതിയുമുണ്ട്.
ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസവസ്തുക്കൾ കലർത്തുന്നുവെന്നത് കടുത്ത ആശങ്കയും ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുകയാണ്. ബോട്ടുകൾ കടലിൽ പോകാതായതോടെ നാട്ടിൻപുറത്ത് മത്സ്യവരവ് കുറഞ്ഞതാണ് മറ്റ് മേഖലകളിൽ നിന്ന് മത്സ്യം കൊണ്ടുവരുന്നതിന് വഴിയൊരുക്കിയത്.
ചെങ്ങന്നൂർ, ആലപ്പുഴ, മാവേലിക്കര മേഖലകളിൽ മൂന്ന് സ്ക്വാഡുകൾ നടത്തിയ പരിശോധന ഒരാഴ്ചയ്ക്കുള്ളിൽ പതിനൊന്നു കേന്ദ്രങ്ങളിൽനിന്ന് ഫോർമാലിൻ കലർത്തിയ 300കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.ചൂര, വങ്കട, കേര, അയല തുടങ്ങിയ മത്സ്യങ്ങളാണ് പിടിച്ചെടുത്തത്. കാർത്തികപ്പള്ളി താലൂക്കിൽ പട്ടോളിമാർക്കറ്റ്, ഡാണാപ്പടി, പുല്ലുകുളങ്ങര, കണ്ടല്ലൂർ എന്നിവിടങ്ങളിലെ മാർക്കറ്റുകളിൽ കഴിഞ്ഞ ദിവസം 127 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നുണ്ടെങ്കിലും മീനിലെ രാസവസ്തു സാന്നിദ്ധ്യം കണ്ടെത്തുന്നതിലെ പ്രായോഗികവും സാങ്കേതികവുമായ ബുദ്ധിമുട്ടുകൾ ഇവർക്കുണ്ട്. ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്കായി തിരുവനന്തപുരം ലാബിലേക്ക് അയച്ച് ഫലം ലഭിച്ചാലെ രാസവസ്തു സാന്നിദ്ധ്യം ഉറപ്പിക്കാൻ കഴിയൂ. ഇതിന് സ്വാഭാവികമായും കാലതാമസം നേരിടുന്നു.
#നിയമനടപടികളില്ല
ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിൽ രാസവസ്തു സാന്നിദ്ധ്യം കണ്ടെത്തിയാലും നിയമനടപടികളിൽ നിന്ന് മീൻകച്ചവടക്കാർ രക്ഷപ്പെടും. രാസവസ്തുവിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്തതാണ് ഇവർക്ക് തുണയാകുന്നത്. ചെറുകിട മത്സ്യവ്യാപാരികൾക്ക് ഇടനിലക്കാർ വഴിയാണ് മത്സ്യങ്ങൾ എത്തിക്കുന്നത്. രാസവസ്തുക്കൾ ചേർക്കുന്ന സങ്കേതങ്ങൾ കണ്ടെത്തിയാലേ നിയമനടപടി എടുക്കാൻ കഴിയൂ.
പരിശോധനാ കിറ്റ് ദൗർലഭ്യം
മീനിൽ ഫോർമാലിൻ സാന്നിദ്ധ്യം ഉടൻ കണ്ടെത്താനുള്ള സ്ട്രിപ്പ് കിറ്റ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകാറുണ്ടെങ്കിലും ജില്ലയിൽ ആവശ്യത്തിന് കിറ്റുകൾ ലഭ്യമായിട്ടില്ല. മത്സ്യത്തിൽ രാസവസ്തു കലർന്നിട്ടുണ്ടെങ്കിൽ 3 സെക്കൻഡുകൾക്കകം സ്ട്രിപ്പിന്റെ നിറം മാറും. ഫോർമാലിൻ കൂടാതെ അമോണിയയും മീനുകളിൽ കലർത്താറുണ്ട്. ഗോവ, കർണാടക, ആന്ധ്ര, പോണ്ടിച്ചേരി, തമിഴ്‌നാട്, എന്നിവിടങ്ങളിൽ നിന്നുമാണ് വ്യാപകമായി ഫോർമാലിൻ മത്സ്യം എത്തുന്നത്.
#ഫോർമാലിൻ
മൃതദേഹങ്ങൾ അഴുകാതിരിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോർമാലിൻ. ഇത് മത്സ്യങ്ങളിൽ പുരട്ടിയാൽ ദിവസങ്ങളോളം കേടുകൂടാതെയിരിക്കും. എന്നാൽ ഇത്തരം മത്സ്യങ്ങൾ കഴിക്കുന്നത് ശരീരത്തിന് വളരെയേറെ ഹാനികരമാണ്. ഫോർമാലിൻ അധികമായി ശരീരത്തിലെത്തിയാൽ കാൻസർ, ആമാശയ രോഗങ്ങൾ എന്നിവയ്ക്കുള്ള സാദ്ധ്യത കൂടുതലാണെന്ന് വിദഗ്ദ്ധർ. ശ്വസനത്തിനും ബുദ്ധിമുട്ടുണ്ടാകും. സ്ത്രീകകളിൽ ഗർഭകാലത്തിന്റെ ആദ്യഘട്ടത്തിൽ ഫോർമാലിൻ ഉള്ളിൽ ചെന്നാൽ കുട്ടികളിൽ ജനന വൈകല്യങ്ങളുണ്ടാകാനുമിടയുണ്ട്.
'' ജില്ലയിലെ മത്സ്യമാർക്കറ്റുകൾ കേന്ദ്രീകരിച്ച് അന്യസംസ്ഥാനത്തു നിന്ന് മത്സ്യങ്ങൾ കൂടുതൽ എത്തുന്ന സാഹചര്യം മുന്നിൽ കണ്ടാണ് പരിശോധന കർശനമാക്കിയത്. പരിശോധന തുടരും.
ഭക്ഷ്യ സുരക്ഷാ അധികൃതർ
.............................
300
#ഒരാഴ്ചക്കുള്ളിൽ നശിപ്പിച്ചത് 300കിലോ മത്സ്യം
3
#മൂന്ന് സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്
................................
#പിടിച്ചെടുത്തത് ചൂര, വങ്കട, കേര, അയല എന്നീ മത്സ്യ ഇനങ്ങൾ