ആലപ്പുഴ: വെള്ളപ്പൊക്കത്തെ നേരിടാനും കൃഷി സംരക്ഷിക്കാനും പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തണമെന്ന കുട്ടനാടൻ കർഷകരുടെ ആവശ്യത്തി​ന് ദീർഘനാളത്തെ പഴക്കമുണ്ട്. എന്നാൽ പരി​ഹാരമി​ല്ലാതെ പരിഹാരമില്ല. നിലവിൽ രണ്ടാം കൃഷി ചെയ്യുന്ന പാടശേഖരങ്ങളിൽ മാത്രമാണ് പുറം ബണ്ടുകൾ ബലപ്പെടുത്തുന്നത്.

ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ വെള്ളപ്പൊക്ക ഭീഷിണിയുണ്ട്. തോടുകളിലെ എക്കൽ നീക്കിയാൽ മഴക്കാലത്തു വെള്ളം തടസം കൂടാതെ ഒഴുകി വേമ്പനാട്ടു കായലിൽ എത്തും. ഏറെ വർഷങ്ങളായി എക്കൽ നീക്കം കാര്യമായി നടക്കുന്നില്ല. നീക്കുന്ന സ്ഥലത്തെ എക്കലും ചെളിയും പാടശേഖരങ്ങൾക്ക് പ്രയോജനപ്പെടാതെ പോകുകയും ചെയ്യുന്നു. യന്ത്രം ഉപയോഗിച്ചു നീക്കുന്ന എക്കൽ തോടിന്റെ മറ്റൊരു ഭാഗത്ത് അടിയുന്ന സ്ഥിതിയുമുണ്ട്. കഴിഞ്ഞ മഴയിൽ ജില്ലയിൽ ഒരു കോടിയുടെ നഷ്ടമാണ് മടവീഴ്ചമൂലം ഉണ്ടായത്. പാടശേഖരങ്ങളിൽ സ്വന്തം പണം ചെലവഴിച്ചാണ് കർഷകർ മുന്നൊരുക്കങ്ങൾ നടത്തുന്നത്.

 കൃഷി നാശം

മഴക്കാലത്ത് മട വീണും പുറം ബണ്ട് കവിഞ്ഞു വെള്ളം കയറിയും പടിഞ്ഞാറൻ മേഖലയിലെ കൃഷി നശിക്കുന്നത് പതിവാണ്. 2018 മുതൽ 3 വർഷം തുടർച്ചയായി കൃഷി നശിച്ചിരുന്നു. ഹെക്ടർ കണക്കിന് സ്ഥലത്തെ നെൽക്കൃഷിയാണു വെള്ളപ്പൊക്കം മൂലം ഓരോ വർഷവും നശിക്കുന്നത്. പുറം ബണ്ടുകളിൽ താത്കാലിക അറ്റകുറ്റപ്പണികൾ നടത്തിയാണു കൃഷി ഇറക്കുന്നത്.

................................

# കുട്ടനാട്ടിൽ പാടശേഖരങ്ങൾ..........13,000

# രണ്ടാംകൃഷി ഇറക്കുന്നത്.................130

# മടകെട്ടുന്നതിന് തുക........................12 ലക്ഷം-85 ലക്ഷം

..................................

കൃഷി നാശവും ബണ്ട് നിർമ്മാണത്തിനുമായി ബന്ധപ്പെട്ട് വർഷംതോറും പാടശേഖര സമിതികൾ ലക്ഷങ്ങളാണു ചെലവഴിക്കുന്നത്. ഈ ബണ്ടുകൾ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ തകരുകയും ചെയ്യും. കൈനകരിയിൽ ഒരാൾ പൊക്കത്തിലാണ് പുറം ബണ്ട് പിടിച്ചിരിക്കുന്നത്

സുനിൽ, കുപ്പംപ്പുറം പാടശേഖര സമിതി പ്രസിഡന്റ്

...................................

തോടുകളിലെ എക്കലും ചെളിയും എടുത്തു പാടശേഖരങ്ങളുടെ പുറം ബണ്ട് ഉയർത്തി വീതി കൂട്ടണം. കുട്ടനാട്ടിലെ എല്ലാ പാടശേഖരങ്ങളിലും വാഹന ഗതാഗതത്തിനു അനുയോജ്യമായ റോഡ് പണിയണം

(വിനു, കർഷകൻ,കാവാലം)