 തുണി പ്രിന്റിംഗ് യൂണിറ്റുകൾക്ക് ലക്ഷങ്ങൾ നഷ്ടം

ആലപ്പുഴ: ലോക്ക്ഡൗണിൽ അടച്ചിട്ട തുണി പ്രിന്റിംഗ് യൂണിറ്റുകൾ ഇളവുകളെ തുടർന്ന് പൂർണ്ണ തോതിൽ പ്രവർത്തിക്കാൻ ഒരുങ്ങിയപ്പോൾ ഉടമകളെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ ബാദ്ധ്യത. പ്രിന്ററും ബാറ്ററികളും കേടായതിലൂടെ മാത്രം പലർക്കും 4 ലക്ഷം രൂപ വരെയാണ് നഷ്ടം.

കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗൺ കാലത്തും പ്രിന്ററും കമ്പ്യൂട്ടർ മോണിറ്ററുകളും കേടായിരുന്നു. ഈ നഷ്ടം നികത്തിയത് തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് ലഭ്യമായ പോസ്റ്റർ, ബാനർ വർക്കുകളായിരുന്നു. എല്ലാ ദിവസവും ഏറെനേരം പ്രവർത്തിപ്പിച്ചില്ലെങ്കിൽ കേടാകാൻ സാദ്ധ്യതയുള്ള പ്രിന്ററുകൾക്ക്, സാധാരണ നിലയിൽ അടച്ചിടുന്ന ഞായർ പോലും 'റിസ്‌ക് ഡേ' ആണെന്നാണ് ഉടമകൾ പറയുന്നത്. അപ്പോഴാണ് ഒരു മാസത്തോളം സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നത്. മുൻ അനുഭവത്തിന്റെ വെളിച്ചത്തിൽ ലോക്ക്ഡൗൺ ദിവസങ്ങളിലും ഒന്നിടവിട്ട ദിവസങ്ങളിൽ സ്ഥാപനത്തിലെത്തി ഒരു മണിക്കൂറോളം യന്ത്രങ്ങളും ബാറ്ററികളും പ്രവർത്തിപ്പിച്ചിട്ടും പ്രയോജനമുണ്ടായില്ല. ബാറ്ററികൾ കൂട്ടത്തോടെ കേടായി.

ഫ്ളക്‌സ് പ്രിന്റിംഗിന് നിരോധനം വന്നതോടെയാണ് പുതിയ യന്ത്രം സ്ഥാപിച്ച് ക്ലോത്ത് പ്രിന്റിംഗ് യൂണിറ്റ് ആക്കിയത്. പഴയ മെഷീനുകൾ മാറ്റി പുതിയവ വാങ്ങിയ ഇനത്തിൽ ലക്ഷങ്ങളാണ് കടബാദ്ധ്യത. സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് വായ്പ ഇനത്തിൽ വലിയ തുക ഓരോ മാസവും ഉടമകൾ തിരിച്ചടയ്‌ക്കേണ്ടതുണ്ട്. വരുമാനം നിലച്ചതോടെ തിരിച്ചടവ് പ്രതിസന്ധിയിലായി. സ്ഥാപനത്തെ ആശ്രയിച്ച് കഴിയുന്ന ജീവനക്കാരും ബുദ്ധിമുട്ടിലായി. കൊവിഡ് വ്യാപന സമയത്ത് ചെറിയ സംരംഭ യൂണിറ്റുകളുടെ ലേബൽ മാത്രമാണ് പ്രിന്റിംഗ് യൂണിറ്റുകൾക്ക് കിട്ടിയിരുന്നത്. എന്നാൽ ലോക്ക്ഡൗൺ കാലത്ത് ഇവ അടച്ചുപൂട്ടിയതോടെ അതും നിലച്ചു.

# മഷി വരുന്നില്ല

തുണിയിൽ പ്രിന്റ് ചെയ്യുന്ന മഷി എത്തുന്നത് ഹരിയാനയിൽ നിന്നാണ്. മഷി വരവ് കൊവിഡ് തരംഗത്തിൽ കുറഞ്ഞു. വില കുറഞ്ഞ മഷിയുണ്ടെങ്കിലും പ്രകൃതി സൗഹൃദ വിഷരഹിത മഷിക്ക് വില കൂടുതലാണ്. ലോക്ക്ഡൗൺ ഇളവുകളും ഗതാഗത നിയന്ത്രണത്തിലെ ഇളവുകളും വന്നതിനാൽ മഷി തുടർ ദിവസങ്ങളിൽ സുലഭമായി എത്തുമെന്നാണ് പ്രിന്റിംഗ് സ്ഥാപന ഉടമകൾ പ്രതീക്ഷിക്കുന്നത്.

............................

# വിലവിവരം

 ₹ 600-700: മഷി ലിറ്റർ

 ₹ 12 ലക്ഷം -1 കോടി: മെഷീൻ വില

 ₹15,000- 60,000: കറന്റ് ബിൽ

.........................................

 വൈദ്യുതി ബിൽ

കൊവിഡ് പ്രതിസന്ധിക്കിടെ പ്രിന്റിംഗ് യൂണിറ്റുകൾക്ക് തലവേദനയാകുന്നത് വൈദ്യുതി ബില്ലാണ്. ചെറിയ യൂണിറ്റുകൾക്ക് 15,000 രൂപയാണ് വൈദ്യുതി ബില്ല്. വലിയ യൂണിറ്റുകൾക്ക് 50,000 രൂപയ്ക്ക് മുകളിൽ എത്തും.

...........................................

വളരെ പ്രതിസന്ധിയിലാണ് തുണി പ്രിന്റിംഗ് യൂണിറ്റുകൾ. മെഷീനുകൾ കേടായാൽ ലക്ഷകണക്കിന് രൂപയാണ് നഷ്ടമാണ് ഉണ്ടാകുന്നത്

(അനീഷ്, പ്രിന്റിംഗ് ഹബ്, ചേർത്തല)