champakulam
ജോപ്പൻ ജോയി വാരിക്കാടിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ചുരുളൻ വള്ളത്തിൽ തുഴയെറിഞ്ഞു ജലോത്സവ സ്മരണ പുതുക്കുന്നു

കുട്ടനാട്: ചമ്പക്കുളം മൂലം ജലോത്സവം കൊവിഡ് സാഹചര്യത്തിൽ ആചാരം മാത്രമായി നടത്തി. ഇന്നലെ ഉച്ചയ്ക്ക് 12ന് അസി. കമ്മീഷണർ ഹരികുമാറിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ സംഘം ചമ്പക്കുളം മഠം ക്ഷേത്ര കടവിലെത്തി. തുടർന്ന് ക്ഷേത്രത്തിൽ നിന്നും പ്രസാദവും വാങ്ങിയ ശേഷം സംഘം പണ്ട് വിഗ്രഹം സൂക്ഷിച്ചിരുന്ന മാപ്പിളശേരി തറവാട്ടിലേക്ക് പോയി. തറവാട്ടിൽ താമസിക്കുന്ന സെബാസ്റ്റ്യൻ മാപ്പിളശേരി​യുടെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു.

അമ്പലപ്പുഴ പാൽപായസവും പ്രസാദവും നൽകി. വിഗ്രഹം സൂക്ഷിച്ചിരുന്ന പൂജാമുറിയിൽ ദീപം തെളിച് പ്രാർത്ഥന നടത്തി. തുടർന്ന് ചായ സത്ക്കാരം സ്വീകരിച്ച ശേഷം തിരികെ ചമ്പക്കുളം കല്ലൂർക്കാട് ബസലിക്കയിലെത്തി. റെക്ടർ ഫാ.ഗ്രിഗറി ഓണംകുളം സംഘത്തെ സ്വീകരിച്ചു. ബെസലിക്കയിലെ സ്വീകരണത്തിന് ശേഷം സംഘം അമ്പലപ്പുഴയിലേക്ക് മടങ്ങി. റേസ് കമ്മി​റ്റി ഭാരവാഹി ജോപ്പൻ ജോയി വാരിക്കാടിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ചുരുളൻ വള്ളത്തിൽ തുഴയെറിഞ്ഞു ജലോത്സവ സ്മരണ പുതുക്കി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മന്മഥൻ, ടി.ജി. ജലജകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്, റേസ് കമ്മറ്റി അംഗങ്ങളായ എ.വി മുരളി, ജോസ് കാവനാട് തുടങ്ങിയവർ പങ്കെടുത്തു.