ആലപ്പുഴ: ഗർഭിണിയായ ഭാര്യയെയും കുട്ടിയെയും മർദ്ദിക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കറുകയിൽ വാർഡ് കുന്നുകണ്ടംവേലി വീട്ടിൽ സൈജുവിനെയാണ് (38) ആലപ്പുഴ നോർത്ത് പൊലീസ് സബ് ഇൻസ്‌പെക്ടർ റിജിൻ എം.തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ പൊലീസ് സംഘത്തോട് തട്ടിക്കയറിയ ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. പൊലീസിനെ അക്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തു. ഭാര്യയുടെ പരാതിയെ തുടർന്ന് ഗാർഹിക പീഡന വകുപ്പ് പ്രകാരവും കേസുണ്ട്. കുട്ടിയെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമുള്ള വകുപ്പുകൾ കൂടി ചേർക്കുമെന്ന് ആലപ്പുഴ ഡിവൈ എസ്.പി ഡി.കെ. പൃഥ്വിരാജ് അറിയിച്ചു.