ആലപ്പുഴ കുടിവെള്ള പദ്ധതി പൈപ്പിൽ വീണ്ടും പൊട്ടൽ
അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകഴിയിൽ വീണ്ടും പൊട്ടി. തകഴി കന്നാമുക്കിലാണ് ഇക്കുറി പൈപ്പ് പൊട്ടിയത്. ഇതോടെ പൊട്ടലിന്റെ എണ്ണം 59 ആയി.
രണ്ടാഴ്ചയായി ഈ ഭാഗത്ത് പൈപ്പിൽ ചോർച്ചയുണ്ടായി സമീപത്തെ കനാലിലേക്ക് വെള്ളം ഒഴുകുന്നുണ്ടായിരുന്നു. ഇന്നലെ രാവിലെയാണ് സംസ്ഥാന പാതയിൽ പൈപ്പ് പൊട്ടിയ ഭാഗം ഇടിഞ്ഞ് വലിയ കുഴി രൂപപ്പെട്ടത്. തുടർന്ന് കടപ്രയിൽ നിന്നു കരുമാടിയിലെ ശുദ്ധീകരണ പ്ലാന്റിലേക്കുള്ള പമ്പിംഗ് നിറുത്തി. കടപ്രയിലെ പമ്പയാറ്റിൽ നിന്നു കരുമാടിയിലെ ശുദ്ധീകരണ പ്ലാന്റിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പാണ് സ്ഥിരമായി പൊട്ടുന്നത്. പൊട്ടൽ തുടർക്കഥയായ കേളമംഗലം മുതൽ തകഴി ലെവൽ ക്രോസ് വരെയുള്ള ഒന്നര കിലോമീറ്റർ ഭാഗത്ത് പുതിയ പൈപ്പ് ഇടാൻ ഉത്തരവിറക്കിയെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് തുടർ നടപടികൾ ഒന്നുമുണ്ടായില്ല.
പൈപ്പ് പൊട്ടലിനെത്തുടർന്ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത പതിവായി വെട്ടിപ്പൊളിക്കേണ്ടിവരുന്നത്, മികച്ച നിലവാരത്തിൽ നിർമ്മിച്ച പാതയുടെ ബലക്ഷയത്തിനും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. പഴയ പൈപ്പുകൾ മാറ്റി പുതിയവ ഉടൻ സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. പൈപ്പ് അറ്റകുറ്റപ്പണി പൂർത്തിയാവുന്നതു വരെ ആലപ്പുഴ നഗരത്തിലും സമീപത്തെ 8 പഞ്ചായത്തുകളിലും കുടിവെള്ള വിതരണം താറുമാറാകും.