s

ആലപ്പുഴ: 290 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കുന്നതോടെ കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കുട്ടനാട് സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

കാർഷികമേഖലയുമായി ബന്ധപ്പെട്ട കുട്ടനാടിന്റെ പ്രശ്‌നങ്ങൾ പഠിക്കും. പുറംബണ്ട് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ട്. താത്ക്കാലിക പുറംബണ്ട് ശാശ്വത പരിഹാരമല്ല. പുറം ബണ്ടുകൾ സ്ഥിരമായി ഉറപ്പിക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യും. വടക്കേകരി, മാടത്താനിക്കരി തുടങ്ങിയ പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു. ഇവിടങ്ങളിലെ ആറ് കിലോമീറ്റർ വരുന്ന പുറംബണ്ട് സ്ഥിരമായി ശക്തിപ്പെടുത്തുന്നതിന് നബാർഡ് സഹായത്തോടെയുള്ള 13 കോടി രൂപയുടെ പദ്ധതിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. കൂടാതെ 22 കോടി രൂപയുടെ 38 നിർമ്മാണപ്രവർത്തനങ്ങൾ ഇപ്പോൾ കുട്ടനാട്ടിൽ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എം.എൽ.എ തോമസ് കെ. തോമസും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 നദികളിലെ എക്കൽ നീക്കൽ: ഐ.ഐ.ടി യുടെ ഇടക്കാല റിപ്പോർട്ട് സെപ്‌തംബറിൽ

കുട്ടനാട്ടിലെയും സമീപത്തെയും കായലിലെയും നദികളിലെയും എക്കൽ നീക്കം ചെയ്യുന്നത് സംബന്ധിച്ച് വിശദമായ പഠനത്തിന് ചെന്നൈ ഐ.ഐ.ടിയെ നിയോഗിച്ചിട്ടുണ്ട്. ഇതിന് 136 ലക്ഷം രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. ഇതിൽ 70 ലക്ഷം രൂപ നൽകി. സെപ്‌തംബറോടെ ഐ.ഐ.ടിയുടെ ഇടക്കാല റിപ്പോർട്ട് പ്രതീക്ഷിക്കുന്നു.