മാവേലിക്കര: കൊവിഡ് ബാധിച്ചു ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചതിൽ പ്രകോപിതനായി ഡോക്ടറെ കൈയേറ്റം ചെയ്ത, പൊലീസുകാരനായ മകന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം സ്പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിലെ സി.പി.ഒ അഭിലാഷ് ചന്ദ്രനാണ് ജാമ്യം ലഭിച്ചത്. നിലവിൽ സസ്പെഷൻഷനിൽ കഴിയുന്ന ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ ഇന്നലെ സംസ്ഥാന വ്യാപകമായി ഒ.പി ബഹിഷ്കരിച്ചിരുന്നു.
മേയ് 14നാണ് ഉമ്പർനാട് സ്വദേശിയായ വീട്ടമ്മ മരിച്ചത്. ചികിത്സയിലെ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് അഭിലാഷ് മർദ്ദിക്കുകയായിരുന്നുവെന്ന് ഡോക്ടർ നൽകിയ പരാതിയിൽ പറയുന്നു. ഡോക്ടർമാരുടെ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. മർദ്ദനമേറ്റ ഡോ.രാഹുൽ മാത്യു പ്രതിഷേധ സൂചകമായി അവധിയിൽ പ്രവേശിച്ചു.