അമ്പലപ്പുഴ: തകഴി കന്നാമുക്കിൽ കഴിഞ്ഞ ദിവസം പൊട്ടിയ ആലപ്പുഴ കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപണികൾ ആരംഭിച്ചു. ഇന്നലെ രാവിലെയോടെ ജെ.സി.ബി എത്തിച്ച് കുഴിയെടുത്ത് പണികൾ ആരംഭിച്ചു. ഞായറാഴ്ചയോടെ നിർത്തിവച്ച പമ്പിംഗ് പുനരാരംഭിക്കാനാകുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കന്നാമുക്ക് ഭാഗത്ത് വെള്ളിയാഴ്ച പൈപ്പ് പൊട്ടിയതിനെത്തുടർന്ന് കടപ്ര ആറ്റിൽ നിന്നും കരുമാടി ശുദ്ധീകരണ പ്ലാന്റിലേക്കുള്ള പമ്പിംഗ് നിർത്തിവച്ചിരുന്നു. പമ്പിംഗ് നിർത്തിയതോടെ ആലപ്പുഴ നഗരത്തിലെയും സമീപത്തെ എട്ടു പഞ്ചായത്തുകളിലെയും കുടിവെള്ള വിതരണവും താറുമാറായി. ഇത് 59-മത് തവണയാണ് കേളമംഗലം മുതൽ തകഴി റെയിൽവെ ലവൽ ക്രോസു വരെയുള്ള ഒന്നര കി .മീറ്റർ ദൂരത്ത് പൈപ്പ് പൊട്ടുന്നത്. ഈ ഭാഗത്തെ നിലവാരം കുറഞ്ഞ പൈപ്പുകൾ മാറ്റി മൈൽഡ് സ്റ്റീൽ പൈപ്പുകൾ സ്ഥാപിക്കാനായി പൈപ്പുകൾ ഇറക്കിയെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് വൈകുകയാണ്. നിരന്തരമായി പൈപ്പ് പൊട്ടുന്നതും കുടിവെള്ള വിതരണം മുടങ്ങുന്നതും വ്യാപക പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.