tv-r
എഴുപുന്ന റെയിൽവേ ക്രോസ്

അരൂർ: തിരക്കേറിയ എരമല്ലൂർ -എഴുപുന്ന റോഡിലെ റെയിൽവേ ക്രോസിൽ കോൺക്രീറ്റ് സ്ലാബുകളുടെ ഇടയിലുള്ള ഗർത്തങ്ങൾ അപകടകെണിയാവുന്നു. ദിനംപ്രതി ഇരുചക്രവാഹനങ്ങളും സൈക്കിൾ യാത്രക്കാരുമാണ് പാളത്തിലെ കുഴികളിൽ വീണ് നിയന്ത്രണം തെറ്റി അപകടത്തിൽപ്പെടുന്നത്. ഒരു മാസം മുൻപ് ലെവൽ ക്രോസിലെ പാളത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയതിനെ തുടർന്നാണ് സ്ലാബുകൾക്കിടയിൽ വലിയ വിടവുകൾ രൂപപ്പെട്ടത്. ചെറിയ വാഹനങ്ങളുടെ ചക്രങ്ങൾ സ്ലാബുകൾക്കിടയിൽ കുടുങ്ങുന്നത് നിത്യസംഭവമാണ്. അറ്റകുറ്റപ്പണികൾക്കു ശേഷം ടാറിംഗ് നടത്താൻ വൈകുന്നതാണ് പ്രശ്നത്തിന് കാരണം. കണ്ടെയ്നർ ലോറികളും സ്വകാര്യബസുകളുമടക്കം നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന എഴുപുന്ന പഞ്ചായത്തിലെ പ്രധാന റോഡാണിത്. ഒരു വർഷം മുൻപ് റെയിൽവേ ക്രോസിന് കിഴക്കുഭാഗത്ത് ഹമ്പുകൾക്കിടയിൽ രൂപപ്പെട്ട ഗർത്തങ്ങൾ പ്രതിക്ഷേധത്തെ തുടർന്ന് കഴിഞ്ഞയിടെ അടച്ചുവെങ്കിലും കനത്ത മഴയിൽ വീണ്ടും കുഴികൾ രൂപപ്പെട്ടത് ദുരിതം ഇരട്ടിയാക്കുന്നു.

പുറമേ ലെവൽ ക്രോസിലെ പഴക്കമേറിയ റെയിൽവേ ഗേറ്റ് ഇടയ്ക്കിടെ പണി മുടക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു. റെയിൽവേ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണം.

നാട്ടുകാർ