ചാരുംമൂട്: ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനയായ ഡോക്ടേഴ്സ് ഫോർ യു വിന്റെ സഹായത്തോടെ നൂറനാട് ലെപ്രസി സാനിട്ടോറിയം ആശുപത്രിയിൽ ഓക്സിജൻ ജനറേഷൻ പ്ലാന്റ് സ്ഥാപിക്കുവാനുള്ള നടപടികളായി.
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൊവിഡ് മൂന്നാം തരംഗമുണ്ടായാൽ നേരിടുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണ് പ്ലാന്റ് സ്ഥാപിക്കലെന്ന് ഇന്നലെ ഭൗതിക സൗകര്യങ്ങൾ വിലയിരുത്താൻ സാനിട്ടോറിയത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി പറഞ്ഞു.
കെ - ഡിസ്കിന്റെ ജില്ലാ പ്രോഗ്രാം മാനേജർ അബ്ദുള്ള ആസാദിന്റെ നിരന്തരമായ ഇടപെടൽ പ്ലാന്റ് സ്ഥാപനത്തിന്റെ പിന്നിലുണ്ട്.
ജില്ലയിൽ 51.5 ലക്ഷം രൂപയുടെ പദ്ധതികളാണ് ഡോക്ടേഴ്സ് ഫോർ യു ആവിഷ്കരിച്ചിരിക്കുന്നത്.
പ്ലാന്റിൽ നിന്നും കിടക്കകളിലേക്ക് ഓക്ലിജനെത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് 12 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പ്ലാന്റിനുള്ള ഷെഡ് നിർമ്മാണത്തിന് താമരക്കുളം ഗ്രാമപഞ്ചായത്ത് 2 ലക്ഷം രൂപ നൽകും.
പദ്ധതി നടത്തിപ്പ് സംബന്ധിച്ച് എം.എസ്.അരുൺകുമാർ എം.എൽ.എയുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടെലഫോണിൽ ബന്ധപ്പെട്ടു. തിങ്കളാഴ്ച ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനും തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.വി.പ്രിയ, വത്സലാ മോഹൻ, ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ്, ആശുപത്രി സൂപ്രണ്ട്
ഡോ. പി.വി.വിദ്യ, കെ - ഡിസ്ക് ജില്ലാ പ്രോഗ്രാം മാനേജർ അബ്ദുള്ള ആസാദ് , ബി.സിയാദ് തുടങ്ങിയവരും പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.
40 കോടിയുടെ കെട്ടിട നിർമാണം
40 കോടി ചെലവിൽ സാനിട്ടോറിയത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം നടന്നു വരികയാണ്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ഓക്ലിജൻ സൗകര്യത്തോടെ 150 കിടക്കകളുള്ള കൊവിഡ് ആശുപത്രി തുടങ്ങുന്നതിനുള്ള പദ്ധതിക്ക് ജില്ലാ ഭരണകൂടത്തിന്റെയടക്കം അനുമതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒരേ സമയം 100 ഓളം കിടക്കകളിലേക്ക് നേരിട്ട് ഓക്സിജനെത്തിക്കാൻ കഴിയുന്ന 1.3 കോടി ചെലവ് വരുന്ന പ്ലാന്റ് സ്ഥാപിക്കാൻ ഡോക്ടേഴ്സ് ഫോർ യു സന്നദ്ധമായി എത്തിയിരിക്കുന്നത്.