t

ആലപ്പുഴ: തുടർച്ചയായ ലോക്ക് ഡൗണുകൾ മൂലും ഉരുകിത്തീരുകയാണ് സംസ്ഥാനത്തെ ഐസ്ക്രീം വ്യവസായം. പുതുതായി എത്തിയ സംരംഭകരാണ് ഏറ്റവും വലയുന്നത്. ബാങ്ക് വായ്പയടക്കം എടുത്ത് തൊഴിലാളികളെയും നിയമിച്ച് പ്രവർത്തനം ആരംഭിച്ച പല കമ്പനികളും ഒന്നര വർഷത്തിനിടെ പൂട്ടിക്കെട്ടേണ്ടിവന്നു.

റീട്ടെയിൽ ഷോപ്പുകളിലെ ദിവസക്കച്ചവടത്തെ മാത്രം ആശ്രയിച്ച് ഐസ്ക്രീം വ്യവസായത്തിന് പിടിച്ചുനിൽക്കാനാവില്ല. ഉത്സവ സീസണും വിവാഹങ്ങൾ ഉൾപ്പടെയുള്ള ആഘോഷങ്ങളും സ്ഥിരമായി നടന്നാൽ മാത്രമേ നിലനിൽപ്പുള്ളൂ. കൊവിഡ് വ്യാപനം തടയാൻ തണുത്ത ഭക്ഷണപദാർത്ഥങ്ങളെ പാടെ ഒഴിവാക്കുന്നവരുടെ എണ്ണം കൂടിയതും കച്ചവടത്തെയും ബാധിച്ചു. ആവശ്യക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ മിക്ക കടകളിലും സ്റ്റോക്ക് വെട്ടിച്ചുരുക്കി. ഇതോടെ ഉത്പാദകരും, വിതരണക്കാരും ഒരുപോലെ പ്രതിസന്ധിയിലായി. സ്റ്റോക്കിരുന്നവയുടെ കാലാവധി കഴിഞ്ഞതിനാൽ നശിപ്പിക്കുകയല്ലാതെ നിവൃത്തിയില്ല. ഐസ്ക്രീം സൂക്ഷിച്ച വകയിൽ ലക്ഷങ്ങളുടെ വൈദ്യുതി ബില്ലാണ് ഒന്നാം ലോക്ക്ഡൗൺ കാലത്ത് സംരംഭകർക്കു ലഭിച്ചത്.ചെറുകിട ഐസ്ക്രീം ഉത്പാദന കമ്പനികൾ പലതും നിലവിൽ പ്രവർത്തിക്കുന്നില്ല. തൊഴിലാളികളെ പറഞ്ഞുവിട്ടു. മെഷീനുകൾ നശിക്കാതിരിക്കാൻ ഇടയ്ക്കിടെ പ്രവർത്തിപ്പിക്കും.

പുത്തൻ രുചിക്കൂട്ടുകളുമായി നിരവധി സംരംഭകരാണ് ഐസ്ക്രീം വ്യവസായത്തിലേക്ക് കടന്നു വന്നിരുന്നത്. ബാങ്ക് വായ്പ, കെട്ടിട വാടക, തൊഴിലാളികളുടെ ശമ്പളം,വൈദ്യുതി ബില്ല് തുടങ്ങി വമ്പൻ കടങ്ങളാണ് ഇവർക്ക് കൊവിഡ് സമ്മാനിച്ചത്. രോഗഭീതി പരന്നതോടെ, സൈക്കിളിൽ ഐസ്ക്രീം മിഠായി കച്ചവടം നടത്തി ഉപജീവനം നടത്തിയിരുന്നവരും പട്ടിണിയിലായി. സീസണിൽ അസംസ്കൃത വസ്തുക്കളുടെ വില വർദ്ധിക്കുന്നതിനാൽ വൻ തോതിൽ മുൻകൂർ വാങ്ങിക്കൂട്ടി ഉത്പാദനം നടത്താറാണ് പതിവ്. ഫാക്ടറി അടച്ചതോടെ പാൽപ്പൊടി, ഡ്രൈ ഫ്രൂട്ട്സ്, ബട്ടർ, കശുഅണ്ടിയടക്കമുള്ളവയും നശിച്ചു.

.....................................................

 10,000: നിലവിൽ ചെറുകിട ഫാക്ടറികളിൽ നിന്ന് പ്രതിദിനം പോകുന്ന ലോഡ്

 75,000- 1 ലക്ഷം: കൊവിഡിനു മുമ്പ് പോയിരുന്ന ലോഡ്

.............................

# പ്രതിസന്ധികൾ

 ചെറുകിട ഫാക്ടറികളിൽ ഉത്പാദനം നടത്താനാവാത്ത അവസ്ഥ

 വിൽക്കാതെ മിച്ചംവന്ന ഐസ്ക്രീം സ്റ്റോക്ക് നശിച്ചു

ഇറക്കുമതി ചെയ്ത ചോക്ലേറ്റുകൾ പോലും നശിപ്പിക്കേണ്ട അവസ്ഥ

 ബില്ലിന്മേൽ കെ.എസ്.ഇ.ബി 20 ശതമാനത്തോളം പലിശ ഈടാക്കി

................

# ചിലവിനം

1. കെട്ടിടവാടക

2. വൈദ്യുതി ബില്ല്

3. തൊഴിലാളികളുടെ ശമ്പളം

...................................

കമ്പനിയിലേക്കും കച്ചവടത്തിനുമായി 80ൽ അധികം തൊഴിലാളികളുമായാണ് സംരംഭം ആരംഭിച്ചത്. എന്നാൽ തുടർച്ചയായി വന്ന ലോക്ക് ഡൗണുകൾ പ്രവ‌ർത്തനതാളം തെറ്റിച്ചു. ആഘോഷങ്ങളും ബീച്ചും മറ്റുമില്ലാതെ ഐസ്ക്രീമിന് വിപണി ലഭിക്കില്ല. മാസങ്ങളായി ഫാക്ടറിയിൽ ഉത്പാദനം നിറുത്തിവെച്ചിരിക്കുകയാണ്

കമൽ തോപ്പിൽ, ചോക്കോമാം ഐസ്ക്രീംസ്